ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല.. ആരാധകര്‍ വീട്ടിലേക്ക് വിളിക്കും, അമ്മ അത് ഡീല്‍ ചെയ്യും: മഡോണ സെബാസ്റ്റ്യൻ

‘ലിയോ’യിലെ എലിസ ദാസ് എന്ന സര്‍പ്രൈസ് കഥാപാത്രം നടി മഡോണ സെബാസ്റ്റ്യൻ കൈയ്യടികള്‍ നേടുകയാണ്. ചിത്രത്തിന്റെ റിലീസ് വരെ ലിയോ ടീം സര്‍പ്രൈസായി സൂക്ഷിച്ചിരുന്ന കഥാപാത്രമാണ് മഡോണയുടേത്. തെന്നിന്ത്യയില്‍ തന്റെതായ ഒരിടം മഡോണ ഉറപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ തുടങ്ങിയ താരം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം സജീവമായി നില്‍ക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ പെടാത്ത താരം കൂടിയാണ് മഡോണ.

തന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഡോണ ഇപ്പോള്‍. അതിനുള്ള അവസരങ്ങള്‍ താന്‍ ഉണ്ടാക്കാറില്ല എന്നാണ് മഡോണ പറയുന്നത്. ‘ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക.”

”ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക. അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെ അങ്ങനെ തന്നെയാണ്” എന്നാണ് മഡോണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആരാധകരെ കുറിച്ചും മഡോണ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘പ്രേമ’ത്തിലെ സെലിന്‍ എന്ന കഥാപാത്രം കാരണമാണ് ഇന്നും ആരാധകര്‍ക്ക് ഇഷ്ടം. അന്യ ഭാഷകളിലടക്കം അവസരങ്ങള്‍ ലഭിക്കുന്നതും ആളുകള്‍ തിരിച്ചറിഞ്ഞതുമെല്ലാം ആ വേഷത്തിലൂടെയാണ്. ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും വലിയ രീതിയില്‍ ശല്യം ഉണ്ടായിട്ടില്ല.

Read more

ചിലര്‍ ഫോണൊക്കെ വിളിക്കും. അല്ലാതെ വീട്ടിലേക്ക് വരികയോ, വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. കോളുകള്‍ വരുമ്പോള്‍ അമ്മയാണ് എടുക്കാറുള്ളത്. താന്‍ സംസാരിക്കാറില്ല. അമ്മ തന്നെ അത് ഡീല്‍ ചെയ്യും. എന്താ മോനെ എന്നൊക്കെ ചോദിച്ച് അമ്മ തന്നെ അത് സോര്‍ട്ട് ചെയ്‌തോളും എന്നും മഡോണ വ്യക്തമാക്കി.