വിക്രം ചിത്രം “മഹാവീര്‍ കര്‍ണ” ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. അടുത്തിടെ “ധര്‍മ്മരാജ്യ” എന്ന പുതിയ ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചുവോ എന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയത്.
“കോബ്ര”, “പൊന്നിയിന്‍ സെല്‍വന്‍” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീര്‍ കര്‍ണയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിക്രത്തിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
“എന്ന് നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിമലിന്റെ രണ്ടാമത്തെ സിനിമയാണ് മഹാവീര്‍ കര്‍ണ. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയുടെ ഒരു ദൃശ്യം നേരത്തെ പുറത്തു വിട്ടിരുന്നു. നടന്‍ പൃഥ്വിരാജ് മഹാവീര്‍ കര്‍ണനായി എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
പൃഥ്വിരാജ് മാറിയതോടെയാണ് വിക്രം നായകനായെത്തിയത്. 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുളള പ്രമുഖ താരങ്ങളും ഹോളിവുഡ് ടെക്നീഷ്യന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.