മഹേഷ് ഭട്ടും പര്‍വീണും തമ്മില്‍ 1977 ലാണ് പ്രണയത്തിലാകുന്നത്. കബിര്‍ ബേദിയുമായുള്ള പര്‍വീണിന്റെ പ്രണയ ബന്ധം തകര്‍ന്നതിന് പിന്നാലെയായിരുന്നു അവര്‍ മഹേഷുമായി അടുക്കുന്നത്. പര്‍വീണിനൊപ്പം ജീവിക്കാനായി തന്റെ ഭാര്യ കിരണ്‍ ഭട്ടിനേയും മകള്‍ പൂജയേയും ഉപേക്ഷിച്ചിരുന്നു മഹേഷ്. പര്‍വീണും മഹേഷും ഒരുമിച്ചായിരുന്നു കുറേക്കാലം താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് പര്‍വ്വീണിന്റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ആ ബന്ധത്തെ ഉലയ്ക്കുകയായിരുന്നു.
അതേക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തില്‍ മഹേഷ് പറയുന്നതിങ്ങനെയാണ്. 1979 ല്‍ ഒരു വൈകുന്നേരം വീട്ടിലെത്തിയ താന്‍ പേടിച്ചരണ്ട പര്‍വീണിന്റെ അമ്മയെ കണ്ടതെന്നും താന്‍ കണ്ടത് മറക്കാനാവാത്ത കാഴ്ചയായിരുന്നുവെന്നും മഹേഷ് തന്നെ ഓര്‍ത്തെടുക്കുന്നുണ്ട്. ” സിനിമയിലെ വേഷത്തിലായിരുന്നു പര്‍വീണ്‍. കട്ടിലിനും ചുമരിനും ഇടയിലെ മൂലയില്‍ ഇരിക്കുകയായിരുന്നു അവള്‍. പേടിപ്പെടുത്തുന്നതായിരുന്നു അവളുടെ ഭാവം. കയ്യിലൊരു കത്തിയുമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. മിണ്ടരുത്, ഈ മുറി മുഴുവന്‍ ശബ്ദ റെക്കോര്‍ഡര്‍ വച്ചിരിക്കുകയാണ്. അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. . നിസഹായ ആയി അവളുടെ അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു. ഇത് ആദ്യമായല്ല സംഭവിക്കുന്നതെന്നും മുമ്പും നടന്നിട്ടുണ്ടെന്ന് അവരുടെ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു” എന്നാണ് മഹേഷ് പറഞ്ഞത്.
പിന്നാലെ മഹേഷ് ഡോക്ടര്‍മാരെ കാണുകയായിരുന്നു. ഡോക്ടര്‍മാര്‍ പര്‍വീണിന് പാരനോയ്ഡ് സ്‌കിസോഫ്രീനിയ ആണെന്ന നിഗമനത്തിലായിരുന്നു എത്തിയത്. മഹേഷ് പര്‍വീണിനെ സഹായിക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ തമ്മില്‍ പിരിയുകയായിരുന്നു. ”ചിലപ്പോള്‍ അവര്‍ പറയും എയര്‍ കണ്ടീഷണറില്‍ ബഗ്ഗുണ്ടെന്ന്. ഞങ്ങള്‍ അത് തുറന്ന് അവളെ കാണിക്കണമായിരുന്നു. ചിലപ്പോള്‍ ഫാനിലും മറ്റു ചിലപ്പോള്‍ പെര്‍ഫ്യൂമിലായിരുന്നു അവള്‍ റെക്കോര്‍ഡര്‍ കണ്ടെത്തിയിരുന്നത്” മഹേഷ് പറയുന്നു. മറ്റൊരിക്കല്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ബോംബുണ്ടെന്ന് വരെ പര്‍വ്വീണ്‍ സംശയിച്ചിരുന്നതായും മഹേഷ് പറയുന്നുണ്ട്.