'ക്രിസ്പിനല്ല, സോണിയയോട് ഡിങ്കോള്‍ഫിയുണ്ടായത് എനിക്ക്'

ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ ദേശീയഗാന സീന്‍ പടം കണ്ടവര്‍ ആരും മറക്കാത്തതാണ്. ആ സീനിലെ കാസര്‍ക്കോട്ടുകാരന്‍ രാജേഷ് മാധവനെ ചിത്രം കണ്ടവര്‍ ആരും മറക്കില്ല. രാജേഷ് വീണ്ടും പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയിരിക്കുകയാണ് മായാനദിയിലെ നയന്‍താര ബെസ്റ്റാ എന്ന ഒറ്റ ഡയലോഗിലൂടെ.

താന്‍ സിനിമയില്‍ എത്തിയ സാഹചര്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും രാജേഷ് മാതൃഭൂമി മാതൃഭൂമിയോട് പറഞ്ഞത് ഇങ്ങനെയാണ്.

മഹേഷിന്റെ പ്രതികാരമാണ് വഴിത്തിരവായത്. ചിത്ത്രതിലെ ദേശീയഗാന സീന്‍, ആ മീം വന്നതില്‍ പിന്നെയാണ് ആളുകള്‍ എന്നെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ എപ്പോഴും ആ സീനിലെ എന്റെ മുഖം കാണുന്നുണ്ടല്ലോ. അതോണ്ട് പെട്ടെന്ന് മറന്നുപോകില്ല. ഒപ്പം മഹേഷിന്റെ പ്രതികാരത്തിലെ ആ സീനും ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ്. മെംബര്‍ താഹിറിന്റെ സൈക്കിളിന് സൈഡ് കൊടുക്കന്നിതിനിടെ ആ നെല്ലിക്കയും ചുമന്നു നടന്നു വരുന്നയാളെ ഞാന്‍ ഇടിച്ചതുകൊണ്ടാണല്ലോ മഹേഷിന് ഇടികൊള്ളേണ്ടി വരുന്നതും പ്രതികാരം ചെയ്യേണ്ടി വരുന്നതും. അതിന് കാരണക്കാരനായ ഒരു കഥാപാത്രമായതില്‍ ഒരുപാട് സന്തോഷമുണ്ട്.- രാജേഷ് മാധവന പറഞ്ഞു.

ബേബിച്ചേട്ടനെയും ക്രിസ്പിനെയും ബേബിച്ചേട്ടന്റെ അളിയനെയും ഒരുപോലെ പറ്റിച്ച സീനല്ലേ അത്? എന്ന ചോദ്യത്തിന് രാജേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.

“അത് പോത്തേട്ടന്റെ ബ്രില്ല്യന്‍സ് ആണ്. ഞാന്‍ ആ സീനില്‍ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. യഥാര്‍ത്ഥത്തില്‍ സോണിയയോട് ഡിങ്കോള്‍ഫിയുണ്ടായിരുന്നത് എനിക്കായിരുന്നു. നീയും സോണിയയും തമ്മില്‍ എന്നാ ഡിങ്കോള്‍ഫിയാടാ എന്ന് ക്രിസ്പിനോട് ചോദിക്കുന്നതിന് പകരം ബേബിച്ചേട്ടന്‍ എന്നോടായിരുന്നു ചോദിക്കേണ്ടിയിരുന്നത്. ആ നെല്ലിക്ക സീനില്‍ സോണിയയോട് സംസാരിച്ചുവരുമ്പോഴാണ് എന്റെ സൈക്കിള്‍ കൈയീന്ന് പോകുന്നത്. ആദ്യം സിനിമ കണ്ടവര്‍ക്കൊന്നും അത് സോണിയ ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് മഹേഷിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി&ിയുെ;പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് അന്വേഷിച്ചവരാണ് അത് സോണിയ ആയിരുന്നുവെന്ന് കണ്ടുപിടിച്ചത്. പിന്നെ ബേബിച്ചേട്ടന്റെ അളിയനായ നെല്ലിക്കക്കാരനെ ഞാന്‍ പറ്റിച്ചുവെന്നൊന്നും പറയാന്‍ പറ്റില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണമല്ലോ. അത് നമ്മുടെ രാജ്യത്തോടുള്ള സ്നേഹമാണ്.”