നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. മിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് മഹിമ ചിത്രത്തിൽ കാഴ്ചവെച്ചത്.
ഷെയ്ൻ നിഗം നായകനാവുന്ന ‘ലിറ്റിൽ ഹേർട്ട്സ്’ എന്ന ചിത്രമാണ് മഹിമയുടെ ഏറ്റവും പുതിയ ചിത്രം. നേരത്തെ തന്റെ പേര് മാറ്റിയതും പേരിന്റെ കൂടെ ജാതിപ്പേര് ചേർത്തതും ന്യൂമറോളജി നോക്കിയാണെന്ന് മഹിമ വെളിപ്പെടുത്തിയിരുന്നു. രണ്ട് പേരുകൾ ഉണ്ടെങ്കിൽ കരിയറിൽ വളർച്ചയുണ്ടാവുമെന്ന് പറഞ്ഞാണ് ഗോപിക എന്നുള്ള പേര് മാറ്റിയതെന്നും മഹിമ പറഞ്ഞറിരുന്നു. ശേഷം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വന്നത്.
ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഹിമ നമ്പ്യാർ. താൻ തന്റെ ജാതിയെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നും മുത്തച്ഛന്റെ സർ നെയിമാണ് താൻ കൂടെ ചേർത്തതെന്നുമാണ് മഹിമ പറയുന്നത്.
“പേരുമാറ്റാൻ എന്താണ് കാര്യമെന്നായിരുന്നു ചോദ്യം. അതുപക്ഷേ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിലാണ് പുറത്തു പ്രചരിച്ചത്. പേരിനൊരു വാൽ എന്നത് ന്യൂമറോളജി നോക്കിയാണ് പറഞ്ഞത്, രണ്ടു പേരുണ്ടെങ്കിൽ ന്യൂമറോളജി പ്രകാരം നന്നാകും എന്നു കരുതി. എന്റെ ജാതിയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ വാർത്തയാക്കിയപ്പോൾ ന്യൂമറോളജിയെക്കുറിച്ചോ, രണ്ടു പേരു വേണം എന്നു പറഞ്ഞതോ ആരും വാർത്തകളിൽ പരാമർശിച്ചില്ല.
പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ലഭിക്കും അതിനായാണ് മഹിമ നമ്പ്യാർ എന്നു ചേർത്തത് എന്നായി ഒടുവിൽ വാർത്ത. എന്റെ മുത്തച്ഛന്റെ സർ നെയിമാണ് ഞാൻ ചേർത്തത്, അതിനുള്ള അവകാശം എനിക്കില്ലേ? ഗോപിക എന്നായിരുന്നു എന്റെ പേര്. ആ പേര് ഞാൻ ഇട്ടതല്ല, മഹിമ എന്നാക്കിയതും പിന്നീട് നമ്പ്യാർ എന്നു ചേർത്തതും ഞാനല്ല.
നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന പല കമന്റ്സും കണ്ടു. ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കാം അല്ലെങ്കിൽ എനിക്കു പേരിട്ട എന്റെ പേരന്റ്സിന്റെ മണ്ടത്തരമായിരിക്കാം. എനിക്ക് ആ പേരിട്ട സംവിധായകൻ മണ്ടനായിരിക്കാം. എന്റെ പേര് അങ്ങനെയായിപ്പോയി. അതിനി മാറ്റാൻ താൽപര്യമില്ല.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മഹിമ നമ്പ്യാർ പറഞ്ഞത്.