വാളയാര്‍ സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. പ്രഥമദൃഷ്ട്യാ തന്നെ അതൊരു ക്രൈമാണെന്ന് മനസ്സിലാകുമെന്നും പൊലീസിന്റെ കഴിവില്ലായ്മ അല്ല മനസ്സില്ലായ്മ ആണിവിടെ കാണുന്നതെന്നും മേജര്‍ രവി വിമര്‍ശിച്ചു. എന്തു ചോദിച്ചാലും പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയാന്‍ നിങ്ങളുടെ പാര്‍ട്ടിയെന്താ സുപ്രീം കോടതിയാണോ എന്നും മേജര്‍ രവി ചോദിക്കുന്നു.
“2017- ല്‍ നടന്ന സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ഏതൊരു കണ്ണുപൊട്ടനും മനസ്സിലാക്കാം അതിലൊരു ക്രൈം നടന്നിട്ടുണ്ട് എന്ന്. ഒരു ജോളിയുടെ കേസ് ഇത്രയും വര്‍ഷത്തിനു ശേഷം പിടിക്കാന്‍ സാധിച്ച പൊലീസാണ് കേരളത്തിന്റേത്. അപ്പോള്‍ പൊലീസിന് കഴിവില്ലെന്ന് പറയാന്‍ കഴിയില്ല. പൊലീസിന്റെ മനസ്സില്ലായ്മ എന്നു വേണമെങ്കില്‍ പറയാം. ഇതില്‍ പിടിക്കപ്പെട്ടവരും ചോദ്യം ചെയ്യപ്പെട്ടവരും വെറുതെ വിട്ടവരുമെല്ലാം രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികളാണ്.”
“ഈ രാഷ്ട്രീയ പാര്‍ട്ടി ഇവിടെ ഭരിക്കാന്‍ തുടങ്ങിയതിനു ശേഷം സ്ത്രീകളോടുള്ള പെരുമാറ്റം ഏറ്റവും മോശമായി കഴിഞ്ഞതായി പലയിടത്തും കണ്ടുകഴിഞ്ഞു. എന്തു ചോദിച്ചാലും അതു ഞങ്ങളുടെ പാര്‍ട്ടി അന്വേഷിക്കുമെന്ന മറുപടിയും. നിങ്ങളുടെ പാര്‍ട്ടിയെന്താ സുപ്രീം കോടതിയാണോ? ഞങ്ങളെന്ത് ഗുണ്ടായിസം കാണിച്ചാലും നിങ്ങളത് സഹിച്ചോളണം എന്ന ഭരണാധികാരികളുടെ മനോഭാവത്തെയാണ് ഇതു കാണിക്കുന്നത്. ജനങ്ങളുടെ കൂടെയാണ് ഞങ്ങള്‍ എന്നു പറയുകയും അതിനു വിപരീത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.