ആരാധന മൂത്തിട്ട് പലരും ലാലിനെ ബ്ലേഡ് കൊണ്ട് വരഞ്ഞിട്ടുണ്ട്, ലാല്‍ കൈവലിക്കുന്നതെല്ലാം ഞാന്‍ കണ്ടതാണ്: മേജര്‍ രവി

മോഹന്‍ലാലിനോടുള്ള ആരാധന മൂത്ത് പലരും അദ്ദേഹത്തെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ടെന്ന് മേജര്‍ രവി. ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോള്‍ ബ്ലേഡ് വച്ച് വരയും. അതുകൊണ്ടാണ് പല അഭിനേതാക്കളും ആരാധകരില്‍ നിന്നും കൈവലിക്കുന്നത് എന്നാണ് മേജര്‍ രവി ഇപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിന്റെ പരിപാടിയിലാണ് മേജര്‍ രവി സംസാരിച്ചത്.

”നമ്മള്‍ ചിലപ്പോള്‍ താരങ്ങള്‍ക്ക് ജാഡയാണെന്ന് പറയും. എന്നാല്‍ എത്രയോ പേര്‍ ലാലിനെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ട്. അറിയുന്നവര്‍. അദ്ദേഹത്തോടുള്ള ആരാധനമൂത്തിട്ട് എന്തെങ്കിലും ഒരു ശ്രദ്ധകിട്ടാന്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന സമയത്ത് ബ്ലേഡ് വച്ചിട്ട് വരയും.”

”അതാണ് ഇവര്‍ ചില സമയത്ത് കൈവലിക്കുന്നത്. ഇതെല്ലാം ഞാന്‍ കണ്ടതാണ്” എന്നാണ് മേജര്‍ രവി പറയുന്നത്. ഇതിനൊപ്പം മോഹന്‍ലാലിന്റെ കൂടെ കാശ്മീരില്‍ പോയ കഥയും മേജര്‍ രവി പറയുന്നുണ്ട്. കാശ്മീരില്‍ ആരും തിരിച്ചറിയാത്താതിനാല്‍ മോഹന്‍ലാല്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നാണ് മേജര്‍ രവി പറയുന്നത്.

മോഹന്‍ലാല്‍ ലഫ്റ്റനന്റ് ആയ ശേഷം ട്രെയിനിംഗിനായി കശ്മീരില്‍ പോയിരുന്നു. ഈ യാത്രകളിലൊക്കെ ചായകുടിക്കാനൊക്കെ ഇറങ്ങുമ്പോള്‍ ആര്‍ക്കും മോഹന്‍ലാലിനെ പരിചയം ഇല്ല. ആരും കാണാന്‍ ഇല്ലാത്തത് കൊണ്ട് മൂപ്പര്‍ വളരെ കണ്‍ഫര്‍ട്ടബിള്‍ ആയിരുന്നു.

കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാര്‍ഗിലില്‍ നിന്നും വരുന്ന വഴി ചായ കുടിക്കാനിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ലാലിനെ കാണാനില്ല. ഒരു ബസിന്റെ പുറകില്‍ ചാടിക്കയറി കശ്മീര്‍ കശ്മീര്‍ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നൊരു മോഹന്‍ലാലിനെ കണ്ടു. കാരണം ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല.

Read more

ആ സ്വാതന്ത്ര്യം പുള്ളി ആഘോഷിക്കുക ആയിരുന്നു. ഒരു ആര്‍ട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ താന്‍ കണ്ട നിമിഷമായിരുന്നു അത് എന്നാണ് മേജര്‍ രവി പറയുന്നത്.