അഭിമുഖങ്ങളില്‍ പോലും നടക്കുന്നത് മെയില്‍ ഗ്ലോറിഫിക്കേഷന്‍, പുരുഷ താരങ്ങളോട് ആരും അങ്ങനെ ചോദിക്കില്ലല്ലോ: മാളവിക മോഹനന്‍

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്ന രീതി കുറവാണെന്ന് മാളവിക മോഹനന്‍. നമ്മള്‍ ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സൊസൈറ്റിയില്‍ ആണെന്നും നടിമാരുടെ അഭിമുഖങ്ങളില്‍ പോലും മെയില്‍ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ്. ഞാന്‍ ക്രിസ്റ്റിക്ക് വേണ്ടി ചെയ്ത 90 ശതമാനം അഭിമുഖങ്ങളിലും അമ്പത് ശതമാനത്തിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നത് രജനികാന്ത് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എങ്ങനെ ഉണ്ടായിരുന്നു, വിജയ് എങ്ങനെ, ധനുഷ്, ദുല്‍ഖര്‍, ആസിഫ് എങ്ങനെയൊക്കെയാണെന്നാണ്. എനിക്ക് എന്റെ സഹതാരങ്ങളെ ഇഷ്ടമാണ്. പോയിന്റ് അതല്ല.

നമ്മള്‍ പുരുഷ അഭിനേതാക്കളോട് ഇങ്ങനെ ചോദിക്കുന്നില്ലല്ലോ. നസ്രിയയുടെ കൂടെ വര്‍ക്ക് ചെയ്യാനെങ്ങനെ ഉണ്ടായിരുന്നു പാര്‍വതിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ പരമാവധി ചോദിക്കും. പക്ഷെ നടിമാരുടെ അഭിമുഖങ്ങളില്‍ മെയില്‍ ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത്.

സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നതും കുറവാണ്. കുറേ സ്ത്രീ കഥാപാത്രങ്ങള്‍ എഴുതുന്നത് പുരുഷന്‍ ആണ്. സ്ത്രീകളുടെ വീക്ഷണം കാണിക്കാന്‍ അത്രയും മെനക്കേടാണ്. പറ്റില്ല എന്നല്ല പറയുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണൊക്കെ നല്ല ഫീമെയ്ല്‍ പെര്‍സ്‌പെക്ടീവില്‍ നിന്നാണ് പറഞ്ഞിട്ടുള്ളത്’. മാളവിക കൂട്ടിച്ചേര്‍ത്തു.