പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.
ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചിത്രീകരണ സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകളും മറ്റും മാളവിക മോഹനൻ തുറന്നുപറയുന്നു.
പത്ത് മണിക്കൂറോളം മേക്കപ്പിലിരുന്നപ്പോൾ ദേഹത്ത് കലകൾ വന്നുവെന്നാണ് മാളവിക പറയുന്നത്. ഡെർമറ്റോളജിസ്റ്റിനെ അടക്കം അഞ്ച് ഡോക്ടർമാരെയാണ് താൻ കണ്ടെതെന്നും മാളവിക മോഹനൻ പറയുന്നു.
“ഒരു ഡെർമറ്റോളജിസ്റ്റും ഒരു നേത്രരോഗ വിദഗ്ധനും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഡോക്ടർമാരെ ഞാൻ സന്ദർശിച്ചു. 10 മണിക്കൂർ മേക്കപ്പിലിരുന്നപ്പോൾ എനിക്ക് ദേഹത്ത് കലകൾ വന്നു. ഷൂട്ടിങ്ങിനിടയിലും ഞങ്ങൾ ഒരുപാടുനേരം വെയിലത്തുനിന്നു. പക്ഷേ ആ സമയത്ത് അതിനെക്കുറിച്ച് ചിന്തിക്കാനൊന്നും സമയമില്ലായിരുന്നു. പക്ഷേ പിന്നീട് അവിടെയും ഇവിടെയും പൊള്ളലേറ്റ പാടുകൾ കണ്ടു.” എന്നാണ് ഗാലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ മാളവിക മോഹനൻ പറഞ്ഞത്.
അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.