കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ഓഡിഷന്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദരനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറയുന്നത്.
അന്ന് കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാളവിക 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മധുരം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക ശ്രീനാഥ്.
മാളവികയുടെ വാക്കുകള്‍:
കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്‌പേസ് ഉണ്ട്, ഒരു റോള്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ. ആരാ, എന്താ എന്നുള്ളതല്ല, കുറേക്കാലം മുന്നേ, മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു. എനിക്കറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര്, വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം.
മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിട്ടാണ്, മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണു പോകും. ഞാനും ഫ്‌ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിന്‍ ആണോന്ന് അറിയില്ല. എന്നാലും ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു.
ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. കൂറേ ചെയ്തപ്പോള്‍ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഡ്രസിങ് റൂമുണ്ട്, ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു. ഞാന്‍ അത് ചെയ്യുമ്പോള്‍ ഇയാള്‍ പെട്ടെന്ന് വന്ന് എന്നെ ബാക്കില്‍ നിന്നും പിടിച്ചു. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്.
നമ്മള്‍ക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റില്ല, വിറങ്ങലിച്ച് പോകും. അന്ന് ഞാന്‍ ചെറുതാ. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. തട്ടിമാറ്റുന്നുണ്ട്, പക്ഷെ പറ്റുന്നില്ല. ‘മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാല്‍ അടുത്തത് ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും’ എന്ന് അയാള്‍ പറഞ്ഞു.
‘അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ നിന്നാ മതി’ എന്ന് പറഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഞാന്‍ ഒന്നും നോക്കാതെ ഈ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തേക്ക് ഞാന്‍ കരഞ്ഞോടിയിട്ടുണ്ട്. മുന്നില്‍ വന്ന ബസിലോട്ട് ഓടി കേറി. എന്റെ അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിര്‍ത്തി അവരും കയറി. എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് പോലും അറിയില്ലായിരുന്നു. ബസില്‍ ഇരുന്ന് ഞാന്‍ അലറിക്കരഞ്ഞിട്ടുണ്ട്. ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.