പൂക്കാണ്ടി പോലൊരു പയ്യൻ; എന്റെ മുഴുവൻ പേര് പറഞ്ഞപ്പോൾ ആൾക്ക് എന്നെ മനസ്സിലായി; തെന്നിന്ത്യൻ സൂപ്പർ താരം അടുത്തുവന്ന് ഇരുന്നതിനെ പറ്റി ഭീമൻ രഘു

സിനിമയ്ക്ക് പുറത്ത് വിവാദങ്ങളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ഭീമൻ രഘു. അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു ഭീമൻ രഘു.

ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം വിജയ് തന്റെ അടുത്തുവന്ന് ഇരുന്ന  അനുഭവത്തെ പറ്റി പറയുകയാണ് ഭീമൻ രഘു. “വിജയ് ഒരിക്കൽ എന്റെ അടുത്തുവന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചില്ല. പൂക്കാണ്ടി പോലെയൊരു പയ്യനായിരുന്നു. ഞാൻ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാവരും കുശുകുശുക്കുന്നത് കേട്ടത്. അങ്ങനെ തിരഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്.

വിജയ് അല്ലേയെന്ന് ഞാൻ ചോദിച്ചു. ഉടനെ എന്റെ പേരെന്താണെന്ന് ചോദിച്ചു. രഘു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ഭീമൻ രഘു എന്ന് പറഞ്ഞത്. അപ്പോൾ തന്നെ വിജയ്ക്ക് മനസിലായി. എന്റെ പേര് കേട്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേ എന്നും ചോദിച്ചു. സിനിമയിൽ കാണുന്നതിനെക്കാൾ വ്യത്യസ്തമാണ് നേരിട്ട് കാണാൻ എന്ന് പറഞ്ഞു. അത് ക്യാരക്ടർ ആണെന്നും ഇതാണ് ഒർജിനൽ എന്നും ഞാൻ പറഞ്ഞു.” സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഭീമൻ രഘു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Read more

അടുത്തിടെ മുതലയുമായി താൻ ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഭീമൻ രഘു രംഗത്തെത്തിയിരുന്നു. മിസ്റ്റർ ഹാക്കറാണ് ഭീമൻ രഘുവിന്റെ ഏറ്റവും പുതിയ ചിത്രം.