അതിജീവിതയെന്ന് നമ്മള്‍ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം.. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് എനിക്ക് സഹതാപം തോന്നുന്നത്: മല്ലിക സുകുമാരന്‍

തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്ന അവസ്ഥ മാറണമെന്ന് നടി മല്ലിക സുകുമാരന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ എത്തിയ ലൈംഗികാരോപണങ്ങളോട് പ്രതികരിച്ചാണ് മല്ലിക സംസാരിച്ചത്. ഈ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് തനിക്ക് സഹതാപമാണ്. ഇതിപ്പോള്‍ സര്‍വത്ര കണ്‍ഫ്യൂഷനില്‍ കിടക്കുകയാണ് എന്നാണ് മല്ലിക പറയുന്നത്.

കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് എനിക്ക് ഏറ്റവും സഹതാപവും ബഹുമാനവും. ഒരു സ്ത്രീ 20 കൊല്ലം മുമ്പ് ദുരനുഭവമുണ്ടായിയെന്ന് പറഞ്ഞാല്‍ അവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ പറ്റില്ല. പക്ഷെ അന്ന് സംഭവിച്ചതിന് തെളിവുണ്ടോ?

ഇടവഴിയില്‍ കൂടി പോയപ്പോള്‍ ഒരാള്‍ നോക്കിയെന്ന് പറഞ്ഞാല്‍ അതിന് തെളിവുണ്ടാകുമോ..? പക്ഷെ ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാതിരിക്കാനാവില്ല. മാത്രമല്ല ഇതിപ്പോള്‍ സര്‍വത്ര കണ്‍ഫ്യൂഷനില്‍ കിടക്കുകയാണ്. ജൂഡീഷ്യറിക്ക് ഒരു പരിധി വരെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.

പത്തും പതിനഞ്ചും വര്‍ഷം മുമ്പുള്ള കഥകള്‍ പുറത്ത് വരുമ്പോള്‍ ഇത് ആരാണ് ഈ കുട്ടി, എത് സിനിമയിലാണ് അഭിനയിച്ചത് എന്നൊക്കെ അന്വേഷിക്കേണ്ടി വരുന്നു. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജൂഡീഷ്യറി തന്നെ മുന്‍കൈ എടുക്കണം.

എനിക്ക് ഒരു ആഗ്രഹമേയുള്ളു. അതിജീവിതയെന്ന് നമ്മള്‍ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം. അങ്ങനൊരു സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ ആര് ചെയ്തുവെന്നത് എനിക്ക് അറിയില്ല. ആ സംഭവത്തില്‍ നിന്നാണല്ലോ ഇതെല്ലാം വന്നത്. പക്ഷെ അതിപ്പോഴും അവിടെ കിടക്കുന്നു. ആരോപണങ്ങള്‍ നിരവധി വന്നപ്പോള്‍ ജനത്തിന് മനസിലായി പലതും വെറും കഥകളാണെന്ന് എന്നാണ് മല്ലിക പറയുന്നത്.

Read more