‘അമ്മ’ സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. ‘കൈനീട്ടം’ എന്ന പേരില്‍ നല്കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും മല്ലിക മാധ്യമങ്ങളോട് പ്രതികരിച്ചു.
അമ്മയില്‍ എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നത് വലിയ പാടാണ്. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ. അവശരായവര്‍ക്ക് നല്കുന്ന കൈനീട്ടം പദ്ധതിയിലെ അപാകതകള്‍ താന്‍ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു. അര്‍ഹതപ്പെട്ട, അവശരായ ഒരുപാടു പേരുണ്ട്.
അവരെയൊക്കെ മാറ്റി നിര്‍ത്തിയിട്ട്, മാസം 15 ദിവസം വിദേശത്ത് പോകുന്നവര്‍ക്ക് കൈനീട്ടം കൊടുക്കല്‍ ഉണ്ടായിരുന്നു. അതൊന്നും ശരിയല്ല. മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അവര്‍ക്കാണ് കൈനീട്ടം കൊടുക്കേണ്ടത്. മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിന് അറിയാം.
അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് നടന് സുകുമാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താന്‍ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷില്‍ അവസാനിച്ചു. സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്ക് അത് മനസിലായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. നടിയെ ആക്രമിച്ച കേസ് എവിടെ വരെ എത്തിയെന്ന് സര്‍ക്കാര്‍ പറയണം. അതിജീവിതയായ ആ പെണ്‍കുട്ടിക്ക് നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചര്‍ച്ചകള്‍ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും.
ഏഴ് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്ന് സര്‍ക്കാര്‍ പറയണം. എന്നിട്ട് വേണം അവര്‍ ഇന്നലെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാന്‍. മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യ തവണ തന്നെ വിലക്കുകയാണ് വേണ്ടത്. താരസംഘടനയുടെ തലപ്പത്തേക്ക് മകന് കൂടിയായ നടന് പൃഥ്വിരാജ് പോകില്ല എന്നാണ് തന്റെ വിശ്വാസം എന്നാണ് മല്ലിക പറയുന്നത്.