ആരും ഫോട്ടോ അയച്ചു കൊടുക്കരുത്, അമ്മ അറിയരുത് എന്ന് പറഞ്ഞാണ് അവനത് ചെയ്തത്: മല്ലിക സുകുമാരൻ

മലയാള സിനിമാലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. യഥാർത്ഥ ജീവിതം അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി 19 കിലോ ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് തന്നോട് പറയാതെയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

“പൃഥ്വിയും ഇന്ദ്രജിത്തും എല്ലാ കാര്യവും പരസ്‌പരം പറയും. ഞാൻ രണ്ട് കൈ കൂപ്പി ഭഗവാനോട് പ്രാർത്ഥിക്കാം പൃഥ്വിയുടെ ആടുജീവിതത്തിന് വേണ്ടി. കാരണം ആടുജീവിതത്തിൽ അഭിനയിക്കാൻ പൃഥ്വി പോയപ്പോൾ മെലിഞ്ഞത് ഇന്ദ്രന് അറിയാമായിരുന്നു, എനിക്കറിയില്ലായിരുന്നു. പോയി 19 കിലോ കുറച്ചു.

ആരും ഒരു ഫോട്ടോ അയച്ചു കൊടുക്കരുത്, അമ്മ അറിയരുത്’ എന്നൊക്കെ പറഞ്ഞ് ഭയങ്കര നിർദേശമായിരുന്നു. ബ്ലെസി അടക്കമുള്ളവർ പറയുകയാണ്, ഡോക്‌ടർമാർ വേണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാതെ അവൻ അസ്ഥി പോലെയായി. ഇനി ഇത്രയും ചെയ്യില്ല എന്നവനും പറഞ്ഞു കാരണം അവനും പേടിച്ചു.

പൃഥ്വിയുടെ ഫോട്ടോ കണ്ടപ്പോൾ ഇത് ഇവർ പറയുന്ന പോലെ കുറച്ചതാണോ അതോ ഇനി മരുഭൂമിയിൽ കിടന്ന് വല്ല അസുഖവും പിടിച്ചോ എന്നാണ് ഞാൻ ചിന്തിച്ചത്. ഞാൻ കൂടെക്കൂടെ അവരുടെ കൂടെ പോയ ആൾക്കാരോട് ചോദിക്കുന്നുണ്ട്. അവർ ഒന്നുമില്ല ചേട്ടൻ ഇവിടെ ഷൂട്ട് ചെയ്തു‌കൊണ്ടിരിക്കുന്നു എന്നാണ് പറയുക.

ആഹാരം കഴിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കുറച്ചു വണ്ണം കുറക്കണം എന്നാണ് അവരുടെ മറുപടി. ഇതൊക്കെ ട്രെയിൻ ചെയ്ത് ഏൽപ്പിച്ചിട്ടുണ്ട്. ‘അമ്മ വിളിച്ചാൽ ഇങ്ങനെ പറയണം, കഷ്‌ടകാലത്തിന് അമ്മ അറിഞ്ഞാൽ നാളത്തെ ഫ്ലൈറ്റിന് ജോർദാനിൽ വരും’ ഇതൊക്കെയാണ് പൃഥ്വി അവരോട് പറയുക. ഞാൻ ആഗ്രഹിച്ച പൃഥ്വിയുടെ സിനിമ ആടുജീവിതമാണ്.” എന്നാണ് മല്ലിക സുകുമാരൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ആടുജീവിതം വിതരണത്തിനെത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുക. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Read more