എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണ്: സത്താറിന്റെ ഓര്‍മ്മകളില്‍ മമ്മൂട്ടി

എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ നടന്‍ സത്താറിന്റെ വിയോഗവും ഒരു വലിയ നഷ്ടം തന്നെയാണെന്ന് നടന്‍ മമ്മൂട്ടി. സത്താറിന്റെ വസതിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

“സത്താറിനെ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്കറിയാവുന്ന ഒരാളാണ്. അതിനു മുമ്പ് ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്തും അറിയാം. എന്നേക്കാളും മുമ്പേ സിനിമയില്‍ വന്ന ആളാണ്. വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ടു കുറച്ചു കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ, വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്. കുറച്ചു ദിവസം മുമ്പ് അസുഖം കൂടുകയും പിന്നീട് ആശുപത്രിയില്‍ ആവുകയും ചെയ്തു. സിനിമയില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളും ഒരു കാലഘട്ടത്തില്‍ വളരെയേറെ തിളങ്ങി നിന്ന ഒരു താരവുമാണ് അദ്ദേഹം. വിയോഗം നഷ്ടമാണ്. എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണ്.” ശബ്ദമിടറി മമ്മൂട്ടി പറഞ്ഞു നിര്‍ത്തി.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സത്താറിന്റെ അന്ത്യം. 1975-ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148- ഓളം സിനിമകളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. 2014- ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.