താന്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മമ്മൂട്ടി മുന്‍പൊരിക്കല്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരാറുമുണ്ട്.
എന്നാല്‍ തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യം ഇല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.
പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ?ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ’, എന്ന് മമ്മൂട്ടി പറയുന്നു.
താന്‍ നേരിട്ട് കൊടുക്കുന്നത് അല്ലാതെ, ഉദ്ഘാടനങ്ങള്‍ക്കും മറ്റും ലഭിക്കുന്ന തുക എല്ലാം തന്റെ കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും മമ്മൂട്ടി പറയുന്നു. 2016ല്‍ നടന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ മിഥുന്‍ രമേശുമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.