ദാസേട്ടന്‍ എന്നേക്കാള്‍ ഇളയത്, രണ്ട് വയസ് തമ്മിലേ വ്യത്യാസമുള്ളൂ; വേദിയെ ചിരിപ്പിച്ച് മമ്മൂട്ടി

യേശുദാസിന്റെ 83-ാം പിറന്നാള്‍ ആഘോഷമാക്കി യേശുദാസ് അക്കാദമിക്ക് ഒപ്പം മമ്മൂട്ടിയും. യേശുദാസിന്റെ പുതിയ ആല്‍ബം ‘തനിച്ചൊന്നു കാണാന്‍’ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. അമേരിക്കയിലെ വസതിയിലിരുന്ന് യേശുദാസും ഭാര്യ പ്രഭയും ഓണ്‍ലൈനായാണ് പരിപാടിയില്‍ പങ്കെടുത്തത്.

യേശുദാസിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ നേരിട്ട് കണ്ടപ്പോള്‍ യേശുദാസിന്റെ ഫോട്ടോ എടുത്തതിനെ കുറിച്ച് മമ്മൂട്ടി സംസാരിച്ചു. തനിക്ക് ഇന്നത്തെ പോലെ അന്നും ഫോട്ടോഗ്രഫിയോട് വലിയ താല്‍പര്യമായിരുന്നു.

അന്ന് ഒരിക്കല്‍ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം താന്‍ പകര്‍ത്തുകയായിരുന്നു, അതൊക്കെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയുടെയും പാട്ടിന്റെയും ദാസേട്ടന്റെയും കാലത്ത് ജീവിക്കാനായത് മഹാഭാഗ്യമാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

താനും ദാസേട്ടനും തമ്മില്‍ രണ്ട് വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളുവെന്നും അദ്ദേഹം തന്നേക്കാള്‍ ഇളയതാണെന്നും പറഞ്ഞ മമ്മൂട്ടി, വേദിയെയും സദസിനെയും ചിരിപ്പിക്കുകയും ചെയ്തു. യേശുദാസും ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read more

എല്ലാത്തിന്റെയും കാരണഭൂതനായ ഈശ്വരന് ആദ്യം നന്ദി പറയുകയാണ്. ദൂരെയാണെങ്കിലും നിങ്ങളെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. അതില്‍ ഒരുപാട് സന്തോഷം. തിരക്കിനിടയിലും എത്തിച്ചേര്‍ന്നവര്‍ക്ക് നന്ദിയും യേശുദാസ് പറഞ്ഞു.