കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്….
മമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിംഗ് ആണെന്ന ആരോപണമാണ് വ്യാപകമായി ഉയര്‍ന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന് പരാമര്‍ശം തിരുത്തി രംഗത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടിയുടെ വാക്കുകള്‍
പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി.
അതേസമയം, മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിങായി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്ന് ജൂഡ് കുറിച്ചിരുന്നു.