നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കണം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല: മമ്മൂട്ടി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് മമ്മൂട്ടി. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. പഹല്‍ഗാമില്‍ നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു എന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”പഹല്‍ഗാം ഭീകരാക്രമണം തീര്‍ത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. രാജ്യം മുഴുവന്‍ അഗാധമായ ദുഃഖത്തിലാണ്.”

”ദുഃഖത്തിലും ഐക്യദാര്‍ഢ്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല” എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു.

20 പേര്‍ക്കു പരുക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്.

Read more