'എന്നെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല, അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി; തന്റെ പ്രിയപ്പെട്ട ശീലം ഉപേക്ഷിച്ചതിനെക്കുറിച്ച് മമ്മൂട്ടി

പുകവലി തനിക്ക് ഇഷ്ടമുള്ള ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യമായിരുന്നു എന്ന് മമ്മൂട്ടി. പുകവലി ശീലത്തെയും പിന്നെ അത് മാറിയതിനെ കുറിച്ചും മമ്മൂട്ടി പറയുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ സിദ്ധിഖ് ആണ് വീഡിയോ ഫെയിസ്ബുക്കിൽ പങ്കുവച്ചത്. തങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി പുകവലിയുടെ കാര്യം പറഞ്ഞത്.

‘എനിക്കിഷ്ടപെട്ട ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം എന്റെ പുകവലി തള്ളിക്കളഞ്ഞതാണ്. എനിക്ക് ഇഷ്ടമായിരുന്നു പുകവലി. പത്ത് പതിനഞ്ച് വർഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷേ പുകവലിക്കുന്നത് നല്ലതല്ല. എനിക്ക് മാത്രമല്ല ആർക്കും. ശാരീരികമായി’


‘നമ്മുടെ ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ടല്ലോ. ആഹാരപദാർത്ഥങ്ങളും വായുവും മതിയല്ലോ. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടല്ല പുകവലി മാറ്റിയത്. അത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനികരം അല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ആരോ​ഗ്യത്തിന് ഹാനികരമാണ്’

Read more

‘എന്നെ ഒരുപക്ഷെ വളരെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല. അപ്പോൾ ഞാൻ സി​ഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കുന്നുണ്ട്. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി’ എന്നാണ് മമ്മൂട്ടി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.