ഭീഷ്മപർവ്വം പോലുള്ള കൊമേർഷ്യൽ സിനിമകളിൽ അല്ല മമ്മൂട്ടി അഭിനയിക്കേണ്ടതെന്ന് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട. നിരവധി കൊമേർഷ്യൽ സിനിമകൾ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള നടൻമാർ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
പഴയ കാല സിനിമയായ അച്ഛനും ബാപ്പയും എന്ന സിനിമ മമ്മൂട്ടിയെ വെച്ച് പുനർനിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നു വെന്നും അത് മമ്മൂട്ടി വെച്ച് ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും പറയുന്നതിനിടയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്. അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാൽ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്.
അതിൽ കൊട്ടാരക്കര ശ്രീധരൻ നായർ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് ചെയ്യേണ്ടത്. അവരൊക്കെ കൊമേർഷ്യൽ സിനിമകൾ ചെയ്ത വളരെ എസ്റ്റാബ്ലീഷഡ് ആയ നടന്മാരാണ്. അവർ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകൾ ചെയ്യണം.
ഭാവി തലമുറക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകൾ കൊമേർഷ്യൽ സിനിമകളാണ്. മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി. താൻ സിനിമയെ വിമർശിക്കുകയല്ല. എന്നാൽ ആ സിനിമയിൽ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാൻ കഴിയില്ല. നല്ലൊരു എന്റർടൈനർ മാത്രമാണ്. ഇപ്പോഴത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് അഗ്രസീവ് മൂഡിലുള്ള സിനിമകൾ ആണ്. മുൻപ് നന്മയുള്ള സിനിമയോടായിരുന്നു പ്രേക്ഷകർക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു