‘ഭ്രമയുഗ’ത്തിന്റെ ട്രെയ്‌ലര്‍ എത്തിയതോടെ ഏറെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ചിത്രം പുതിയൊരു അനുഭവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ട് ഫെബ്രുവരി 15ന് റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് വലിയ തോതില്‍ പ്രീറിലീസ് ഹൈപ്പ് ലഭിച്ചിട്ടുണ്ട്.
അബുദാബിയിലെ അല്‍വാദാ മാളില്‍ ആയിരുന്നു ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയ്‌ലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും.”
”പക്ഷേ ഒരു കഥയും മനസില്‍ വിചാരിക്കരുത്. ശൂന്യമായ മനസോടു കൂടി വേണം ഈ സിനിമ കാണാന്‍. എങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ സാധിക്കൂ. ഒരു മുന്‍വിധികളുമില്ലാതെ, ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങള്‍ ആദ്യമേ ആലോചിക്കണ്ട.”
”ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാന്‍ ആദ്യമേ പറയുന്നില്ല. ഇത് മലയാള സിനിമയില്‍ പുതിയൊരു അനുഭവമായിരിക്കും. നമ്മള്‍ വര്‍ണങ്ങളില്‍ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണിക്കുന്ന സിനിമയാണിത്” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
അതേസമയം, ഭയപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയത്. 22 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിറ്റ് ചിത്രം ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും.