മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. എംടിയുടെ ഒൻപത് ചെറുകഥകളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷത്തിലെത്തുന്നത്. എംടിയുടെ അച്ഛന് സിലോണിലുള്ള ബന്ധത്തിൽ ഉണ്ടായ ലീല എന്ന സഹോദരിയെ കുറിച്ചുള്ള ഹൃദ്യമായ ചെറുകഥയാണ് ‘നിന്റെ ഓർമ്മയ്ക്ക്’, ഈ ചെറുകഥയുടെ തുടർച്ചയെന്നോണം 40 വർഷങ്ങൾക്ക് ശേഷം എംടി എഴുതിയ ചെറുകഥയാണ് കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്. തന്റെ സഹോദരിയായ ലീലയെ അന്വേഷിച്ച് ശ്രീലങ്കയിലെ കടുഗണ്ണാവ എന്ന സ്ഥലത്തേക്ക് ഇറങ്ങിത്തിരിക്കുന്നതാണ് കഥയുടെ പ്രമേയം. ഇപ്പോഴിതാ എംടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കഡുഗണ്ണാവ മുൻപ് ഫീച്ചർ ഫിലിം ആക്കാൻ രഞ്ജിത്തും താനും ആലോചിച്ചിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.
“കഡുഗണ്ണാവ ഒരു കഥയല്ല രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. അതിന് വേണ്ടി അദ്ദേഹത്തിനെ ഞങ്ങൾ സമീപിച്ചിരുന്നു. അതിൻ്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വൈകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
ഒരുപാട് കഥകളുണ്ട് മനോരഥങ്ങളിൽ. ഇതിൽ എല്ലാത്തിലും അഭിനയിക്കാൻ എനിക്ക് ആഗ്രഹവുമുണ്ട്. എല്ലാം എനിക്ക് തരില്ല എന്നത് കൊണ്ട് ഒന്നു മാത്രമേ കിട്ടിയുള്ളൂ.
എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ് ഇത്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത് പിന്നീട് അത് ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ എന്നെ കുറുക്കി എടുത്തിരിക്കുകയാണ് സിനിമയിൽ.
ഒരു സാഹിത്യ രൂപം എന്ന നിലയിൽ തിരക്കഥയ്ക്ക് വായനക്കാരുണ്ടായിരുന്നില്ല. എംടിയുടെ തിരക്കഥകൾ വായിച്ചിട്ടാണ് തിരക്കഥയിലെ സാഹിത്യം നാം മനസ്സിലാക്കുന്നത്.
അതിന് മുമ്പ് സിനിമകളും ലോകോത്തര തിരക്കഥകളും ഉണ്ടായിട്ടുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം തിരക്കഥ അച്ചടിച്ച് എംടിയാണ് അതിന് ആരംഭം കുറിച്ച ആൾ.
പിൽക്കാലത്ത് സിനിമ വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ആ തിരക്കഥകൾ ഉപകാരപ്പെട്ടിട്ടുണ്ട്.
ഞാൻ എംടിയുടെ കഥകൾ വായിക്കുമ്പോൾ അത് തിരക്കഥയായിട്ടാണ് കാണുന്നത്, എനിക്ക് എഴുതാൻ പറ്റിയില്ലെങ്കിലും. അതിലെ ഏതെങ്കിലുമൊരു കഥാപാത്രമായി മാറുന്ന സ്വഭാവം പണ്ടുമുതലേയുണ്ട്, ഇപ്പോഴുമതേ.” എന്നാണ് മമ്മൂട്ടി ഇന്നലെ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെ പറഞ്ഞത്.
അതേസമയം മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.
എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്.ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.