'സി.ബി.ഐ പരമ്പരയിലെ പുതിയ ചിത്രം ഈ വര്‍ഷം തന്നെ എത്തും'; ചിത്രത്തെ കുറിച്ച് സംവിധായകന്‍ കെ. മധു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ പരമ്പര. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ കെ. മധു.

“സിനിമ ഇറങ്ങിയതിന്റെ 32ാം വര്‍ഷമാണ് ഇത്. ആ വേളയില്‍ തന്നെ സിനിമ 2020ല്‍ പുറത്തിറങ്ങുമെന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പോലെ സേതുരാമയ്യര്‍ അഞ്ചാം തവണയും എത്തും. മമ്മൂട്ടിയും എസ്.എന്‍.സ്വാമിയും ഞാനും ഒന്നിക്കുന്ന ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രീതിയുണ്ട്. ആ രീതിയില്‍ തന്നെ നിന്നുകൊണ്ട് കാലത്തിന്റേതായ എല്ലാ മാറ്റവും ഉള്‍ക്കൊള്ളുന്ന ചിത്രമായിരിക്കും വരാന്‍ പോകുന്ന സിബിഐ.” മനോരമയുമായുള്ള അഭിമുഖത്തില്‍ മധു പറഞ്ഞു.

Read more

മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം “ബാസ്‌ക്കറ്റ് കില്ലിംഗ്” എന്ന കഥാതന്തുവാണ് അവലംബിക്കുന്നതെന്നാണ് വിവരം. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.