ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി രൂപത്തില്‍ മാറ്റം വന്ന തന്നെ പലരും വെറുപ്പോടെയായിരുന്നു സമീപിച്ചതെന്ന് നടി മംമ്ത മോഹന്‍ദാസ്. ഇതോടെയാണ് താന്‍ ക്യാന്‍സറിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി.
ഇന്ത്യഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആദ്യമൊക്കെ ചോദിച്ചവരില്‍ പലര്‍ക്കും തന്റെ രോഗത്തെക്കുറിച്ച് ധാരാണയില്ലായിരുന്നെന്നും എന്നാല്‍ ചിലര്‍ പിന്നീട് അറിഞ്ഞു കൊണ്ട് പലതും അപമാനിക്കുന്ന തരത്തില്‍ ചോദിച്ചിരുന്നുവെന്നും മംമ്ത പറഞ്ഞു.
മംമ്തയുടെ വാക്കുകള്‍
2009 ലാണ് എനിക്ക് ക്യാന്‍സര്‍ വരുന്നത്. അന്ന് പെട്ടെന്ന് എന്നെ എല്ലാവരും ഷോര്‍ട്ട് ഹെയറില്‍ കാണുകയാണ് എല്ലാവരും. ഫുള്‍ ബോയ്ക്കട്ടായിരുന്നു. ആളുകള്‍ക്ക് അതിനോട് വെറുപ്പായിരുന്നു. നിന്നെ കാണാന്‍ കൊള്ളില്ലെന്ന് വരെ പറഞ്ഞു.
23-24 വയസ് മാത്രമുള്ള ഞാന്‍ കാണുന്നത് എല്ലാവരും എന്നെ ആക്രമിക്കുന്നതാണ്. ഞാനൊരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയതെന്ന് അവര്‍ക്കറിയില്ല. അറിയാത്തത് കൊണ്ടാണ് അവര്‍ ആക്രമിക്കുന്നത്.
എന്നോട് ഒരാള്‍ ചോദിച്ചത്, എന്തുപറ്റി മംമ്ത എന്തെങ്കിലും ആക്സിഡന്റ് പറ്റിയോ എന്നാണ്. അയാളെന്തിനാണ് അത് ചോദിക്കുന്നത്. ഒരു ആസിഡ് വിക്ടിമിനോട് ആരെങ്കിലും മുഖത്ത് ആസിഡൊഴിച്ചോ എന്ന് ചോദിക്കുമോ നമ്മള്‍.