അന്ന് ഞാന്‍ കേരളത്തില്‍ നിന്നും ഓടിപ്പോയതാണ്, ആളുകള്‍ എന്നെയും കുടുംബത്തെയും ജീവിക്കാന്‍ വിട്ടില്ല; വിവാദത്തെ കുറിച്ച് മംമ്ത

വിവാദങ്ങള്‍ വന്നപ്പോള്‍ മലയാള സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. ‘ലങ്ക’ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ വിവാദമായിരുന്നു. ഇതോടെ മലയാള സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് മംമ്ത മാറി നിന്നിരുന്നു. ഇതിനെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ലങ്ക കഴിഞ്ഞ് ഞാന്‍ മലയാളത്തില്‍ നിന്ന് പോയി. ആളുകള്‍ എന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. മാഗസിനില്‍ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാല്‍ പിന്നെ ആ മാഗസിന്‍ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്.”

”അടുത്ത വാര്‍ത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തില്‍ നിന്ന്” എന്നാണ് മംമ്ത ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇന്നത്തെ യുവ തലമുറയ്ക്ക് ഇത്തരം വിവാദങ്ങള്‍ക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും മംമ്ത പറയുന്നുണ്ട്.

2011 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ലങ്ക. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ വിവാദമായിരുന്നു. മംമ്തയ്ക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകളും വന്നിരുന്നു. സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു.

അതേസമയം, ‘ലൈവ്’ ആണ് മംമ്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘മഹേഷും മാരുതിയും’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.