ജീത്തു ജോസഫിന് മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാൻ; എന്നാൽ അയാളുടെ ഒറ്റ സിനിമയിൽ പോലും എന്നെ വിളിച്ചില്ല; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

1976-ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു എന്ന സുധീർ കുമാർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

ഹലോ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഒരു സുഹൃത്ത് തന്നെ വിളിച്ചിട്ട് ജീത്തുവിന്റെ കാര്യം പറയുന്നതെന്നും, അങ്ങനെ താനാണ് ജീത്തുവിന് മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തതെന്നും പറഞ്ഞ മണിയൻപിള്ള രാജു, എന്നാൽ പിന്നീട് ജീത്തുവിന്റെ ഒരു സിനിമയിൽ പോലും തന്നെ കാസ്റ്റ് ചെയ്തില്ലെന്നും പറയുന്നു.

“വർഷങ്ങൾക്കു മുമ്പ് എൻ്റെയൊരു സുഹൃത്ത് എന്നെ വിളിച്ചിട്ട്, അയാളുടെ ഒരു കസിനെ മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുക്കാമോ എന്ന് ചോദിച്ചു. ഒരു കഥ ലാലിനോട് പറയാൻ വേണ്ടിയാണെന്ന് പറഞ്ഞു. അയാൾ എന്റെയടുത്ത് വന്ന് കഥ പറഞ്ഞു. ഒരു പൊലീസ് സ്റ്റോറിയായിരുന്നു അത്. എനിക്ക് കഥ ഇഷ്‌ടപ്പെട്ടു. ആ സമയത്ത് ഹലോയുടെ ഷൂട്ട് എറണാകുളത്ത് നടക്കുകയായിരുന്നു. ഞാൻ അയാളെയും കൂട്ടി ലാലിൻ്റെയടുത്തേക്ക് പോയി. ലാലിനോട് അയാൾ കഥ പറഞ്ഞു.

ലാലിനും കഥ ഇഷ്‌ടമായി. പക്ഷേ ഷാജി കൈലാസിൻ്റെ അടുത്ത പടത്തിൽ ഒരു പൊലീസ് വേഷം ചെയ്യുന്നതുകൊണ്ട് ഇപ്പോൾ ആ കഥ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. അയാൾ പിന്നീട് ആ കഥ പൃഥ്വിയെ വെച്ച് ചെയ്‌തു. ലാലുമായി പിന്നീട് അയാൾ ഒരുപാട് സിനിമകൾ ചെയ്‌തു. ആ സംവിധായകനാണ് ജീത്തു ജോസഫ്. ലാലിൻ്റെ കൂടെ ദൃശ്യം, ദൃശ്യം 2, 12th മാൻ, അങ്ങനെ കുറെ സിനിമകൾ ചെയ്‌തു. പക്ഷേ ആ സിനിമകളിലൊന്നും എന്നെ വിളിച്ചില്ല.

എനിക്ക് വേണമെങ്കിൽ പറയാം, അയാൾക്ക് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്, പക്ഷേ എന്നെ ഒരു സിനിമയിലും വിളിച്ചില്ല എന്ന്. എനിക്കതിൽ യാതൊരു പരിഭവവുമില്ല. ഭാവിയിൽ ജീത്തു ചെയ്യുന്ന ഏതെങ്കിലും സിനിമയിൽ എനിക്ക് പറ്റിയ വേഷമുണ്ടെങ്കിൽ എന്നെ വിളിക്കുമായിരിക്കും.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.

നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഗു’ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ