ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

1976-ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു എന്ന സുധീർ കുമാർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. പഴയ കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നെന്നും, ഇന്നത്തെ തലമുറ മിടുക്കാരാണെങ്കിലും അവർക്ക് സ്വന്തം വഴികളാണ് കൂടുതലെന്നും വർക്ക് കഴിഞ്ഞാൽ തന്നെ അവർ കാരവാനിലേക്ക് പോകുംമെന്നും അവർക്കൊക്കെ ചില ഗ്രൂപ്പുകളുണ്ടെന്നും, ആ ഗ്രൂപ്പിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂവെന്നും മണിയൻപിള്ള രാജു പറയുന്നു.

“അന്നത്തേത് ഒരു സുവർണ കാലഘട്ടമായിരുന്നു. അന്ന് കാരവാനും കാര്യങ്ങളും ഉണ്ടായിരുന്നില്ല. ഒരു വർക്ക് ചെയ്യുമ്പോൾ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു. നമുക്ക് നല്ല ഡെഡിക്കേഷൻ ഉണ്ടാകും. എങ്ങനെയെങ്കിലും സിനിമയിൽ നിൽക്കണമെന്ന് ഉള്ളത് കൊണ്ട് വേറെ പ്രൊഫഷൻ ഒന്നുമില്ലാതെ സിനിമയെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്.

അപ്പോൾ എങ്ങനെയെങ്കിലും സിനിമയിൽ തന്നെ നിന്നേ പറ്റുള്ളൂ. മദ്രാസിൽ നിന്ന് തോറ്റ് തിരിച്ച് പോകാൻ സാധിക്കില്ല. അതുകൊണ്ട് പട്ടിണി കിടന്ന് സ്ട്രെഗിള് ചെയ്തതാണ് സിനിമയിൽ പിടിച്ചു നിന്നത്. അപ്പോൾ ഞങ്ങൾ സീനിയേഴ്സിനെ ഒരുപാട് ബഹുമാനിക്കുമായിരുന്നു. രാവിലെ ആറ് മണിക്ക് എത്താൻ പറഞ്ഞാൽ നമ്മൾ അഞ്ചരക്ക് അവിടെ എത്തും.

ഇപ്പോൾ ഉള്ള ജനറേഷൻ നല്ല മിടുക്കന്മാരാണ്. പക്ഷേ അവർക്ക് അവരുടെ വഴിയാണ്. വർക്ക് കഴിഞ്ഞാൽ തന്നെ അവർ കാരവാനിലേക്ക് പോകും. അവർക്കൊക്കെ ചില ഗ്രൂപ്പുകളുണ്ട്. ആ ഗ്രൂപ്പിൽ മാത്രമേ അവർ പടം എടുക്കുകയുള്ളൂ. അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ. നമ്മളുടെ കാലത്ത് അങ്ങനെ ഉണ്ടായിരുന്നില്ല.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.