പലരോടും വരേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ സിദ്ധാര്‍ത്ഥ് എന്റെ വാക്ക് കേട്ടു, അമ്മയെ കണ്ടപ്പോള്‍ എന്തു കൊണ്ടാണെന്ന് മനസ്സിലായി: മഞ്ജു പിള്ള

കെപിഎസി ലളിതയുടെ അവസാന നിമിഷങ്ങളില്‍ താന്‍ കാണാന്‍ ചെന്നതിനെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പിള്ള. കെപിഎസി ലളിത അസുഖമായി കാലത്ത് മറ്റു പലരോടും കാണാന്‍ വരണ്ട എന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് തന്നെ അമ്മയെ കാണാന്‍ അനുവദിച്ചതിനെ കുറിച്ചാണ് മഞ്ജു പറയുന്നത്.

അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, തന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസിലാത്.

അത്രമേല്‍ ക്ഷീണിതയായി, രൂപം പോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്. തന്റെ അമ്മ തന്നെയായിരുന്നു കെപിഎസി ലളിത. അമ്മ എവിടെപ്പോയാലും അവിടെ നിന്നൊക്കെ തനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ പറയും.

ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ താന്‍ ഓര്‍ത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധിക നേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ തന്നെ കരുതിയിരുന്നത്.

അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചു നിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടു പോയ ശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി എന്നാണ് മഞ്ജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.