'ഡബ്ല്യൂസിസിയില്‍ അംഗമാണ്, ആക്ടീവല്ല'; കാരണം പറഞ്ഞ് മഞ്ജു വാര്യര്‍

മലയാള സിനിമാ മേഖലയില്‍ വനിതയകള്‍ക്കായി രൂപംകൊണ്ട സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഡബ്ല്യൂസിസിയുടെ തുടക്കത്തില്‍ അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു നടി മഞ്ജു വാര്യര്‍. എന്നാല്‍ അതിനു ശേഷം ഈ സംഘടനയുടെ കാര്യങ്ങളില്‍ സജീവമായി മഞ്ജു വാര്യരെ കണ്ടിട്ടില്ല. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

“സംഘട്ടനയുടെ ആദ്യഘട്ടത്തില്‍ ഞാന്‍ അതില്‍ അംഗമായിരുന്നു. ഇപ്പോള്‍ അതില്‍ ആക്ടീവല്ല. മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള സമയം പലപ്പോഴും എനിക്ക് ഉണ്ടായിട്ടില്ല. എനിക്കു എല്ലാ കാര്യങ്ങളിലും സ്വതന്ത്രവും വ്യക്തവുമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് ഞാന്‍ സിനിമയില്‍ നില്‍ക്കുന്നതിന്റെ ഉദ്ദേശം. അതിനാല്‍ ബഹളങ്ങളില്‍ നിന്ന് മാറി എന്റേതായ നിലപാടുകളില്‍ നില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

Read more

പ്രതി പൂവന്‍കോഴിയാണ് തിയേറ്ററുകളിലെത്തിയ പുതിയ മഞ്ജു വാര്യര്‍ ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിലുണ്ട്.