ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ പ്രതി പൂവന്‍കോഴി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
“റോഷന്‍ നല്ല നടനാണെന്ന് റോഷനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അഭിനയിച്ചു കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ്. അതു കൊണ്ടു തന്നെ റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ല. അത്രയും ദിവസം ക്യാമറയ്ക്കു പിന്നില്‍ നിന്ന സംവിധായകന്‍ ഒപ്പം വന്ന് അഭിനയിക്കുമ്പോഴുള്ള കൗതുകം തുടക്കത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നല്ല അനുഭവപരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണു തോന്നിയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ തൂപ്പുക്കാരിയായി ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നീ ജീവിതത്തിലേക്ക് കടന്നു വരുന്ന ആന്റപ്പന്‍ എന്ന വില്ലന്‍, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. മാധുരി എന്ന സെയില്‍സ്‌ഗേള്‍ ആയി മഞ്ജു വാര്യര്‍ എത്തുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍.