പരിയേറും പെരുമാൾ എന്ന ഒരൊറ്റ സിനിമ കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് മാരി സെൽവരാജ്. സിനിമകളിലൂടെ ആന്റി കാസ്റ്റ് രാഷ്ട്രീയം കൃത്യമായി സംസാരിച്ച പാ രഞ്ജിത്, വെട്രിമാരൻ എന്നീ സംവിധായകരുടെ നിരയിലേക്കാണ് മാരി സെൽവരാജും തന്റെ സിനിമകൾ കൊണ്ട് കടന്നുവന്നത്.
ഇപ്പോഴിതാ ബോക്സ്ഓഫീസ് കണക്കുകളെ പറ്റി സംസാരിക്കുയയാണ് മാരി സെൽവരാജ്. തമിഴ് സിനിമ വ്യവസായം ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ബോക്സ്ഓഫീസ് കണക്കുകൾക്കാണ് എന്നാണ് മാരി സെൽവരാജ് പറയുന്നത്. സോഷ്യൽ മീഡിയക്കും ഇതിൽ വലിയ പങ്കുണ്ടെന്ന് മാരി സെൽവരാജ് കൂട്ടിച്ചേർത്തു.
“ഇപ്പോൾ സിനിമ വിജയിച്ചോ ഇല്ലയോ എന്ന് നിർണ്ണയിക്കപ്പെടുന്നത് കളക്ഷന്റെ അടിസ്ഥാനത്തിലാണ്. ഒരു സിനിമ നല്ലതോ ചീത്തയോ എന്നത് കഥയെയും പ്രേക്ഷകരുമായുള്ള അതിന്റെ ആപേക്ഷികതയെയും ആശ്രയിച്ചിരിക്കുന്നു. പണം മാത്രമല്ല ഒരു സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത്. വെട്രിമാരൻ ഇതുവരെ എടുത്ത എല്ലാ സിനിമകളും ബ്ലോക്ക്ബസ്റ്ററുകളാണ്. സൂര്യ നായകനായ വാടിവാസൽ ഒരുക്കുന്നതോടുകൂടി അദ്ദേഹവും പണം വാരി സിനിമകളുടെ സംവിധായകൻ ആവും. ഇനി വിജയിയെ നായകനാക്കിയാൽ കളക്ഷനിൽ വലിയ ബ്രേക്ക് ആകും.” ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് മാരി സെൽവരാജ് ഇങ്ങനെ പറഞ്ഞത്.
ധനുഷ് നായകനായെത്തുന്ന ചിത്രവും, ധ്രുവ് വിക്രം നായകനായെത്തുന്ന സ്പോർട്സ് ഡ്രാമയും ‘വാഴൈ’ എന്ന ചിത്രവുമാണ് മാരി സെൽവരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.