അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്. ഇപ്പോഴിതാ ഫോണിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ ഒരാളുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. അതൊരു വോയ്സ്‌ക്ലിപ്പായിരുന്നു. ഈ മെസ്സേജ് കേള്‍ക്കുകയാണെങ്കില്‍ എന്നെ തിരിച്ച് വിളിക്കണം.
എന്നെ വിളിച്ചില്ലെങ്കില്‍ സാറിനെ കാണാതെ പോവുന്ന രണ്ടാമത്തെ ആളായിരിക്കും ഞാന്‍. അത്രയും സങ്കടത്തിലാണ്, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നായിരുന്നു സന്ദേശം. നിര്‍ത്താതെ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയതും ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനം തെറ്റാണെന്ന് പറഞ്ഞ് കൊടുക്കുകയുമായിരുന്നു താനെന്ന് പത്മകുമാര്‍ പറയുന്നു.
പത്മകുമാറിന്റെ വാക്കുകള്‍
എനിക്ക് ഇങ്ങനെ മെസ്സേജ് അയച്ച ആള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി ഫെയ്സ്ബുക്ക് കൂട്ടായ്മ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോ ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍ബോക്സില്‍ ചെന്ന് ആളുകളോട് ചോദിക്കാമെന്നായിരുന്നു കരുതിയത്. അതിന് മുന്‍പായി ഒന്നൂടെ വിളിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടി. ഫോണ്‍ എടുത്തതും ഭയങ്കര കരച്ചിലായിരുന്നു കേട്ടത്.
നിങ്ങള്‍ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതെന്നായിരുന്നു എന്റെ ചോദ്യം. ഭാര്യയുടെയും വീട്ടുകാരുടെയും കുറ്റങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ മോളെ ആരെയെങ്കിലും ഏല്‍പ്പിക്കണം, ഒറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിരുന്നു.
നോക്കൂ, നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്. എന്നും നമ്മള്‍ ഒരുകാര്യം ആവര്‍ത്തിച്ച് ചെയ്യുമെന്ന് പറഞ്ഞാല്‍ ഒരുദിവസം സമ്മര്‍ദ്ദം മൂലം അല്ലെങ്കില്‍ കാലം നിങ്ങളെക്കൊണ്ട് അത് ചെയ്യിക്കും. എപ്പോഴും ആത്മഹത്യാഭീഷണി നടത്തുന്നവര്‍ അവസാനിക്കുന്നതും അങ്ങനെ ഏതിലെങ്കിലുമായിരിക്കും. നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്കെ സങ്കടങ്ങളൊക്കെയുണ്ടാവൂ. അതിന് ശേഷം എല്ലാവരും എല്ലാം മറക്കും. ശരിക്കുള്ള നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്.