മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മീര വാസുദേവന്‍. ഏഴ് വയസുള്ള തന്റെ മകന്‍ അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നടന്‍ ജോണ്‍ കൊക്കന്‍ ആയിരുന്നു മീരയുടെ ഭര്‍ത്താവ്. ഇവരുടെ മകനാണ് അരിഹ ജോണ്‍. 2016ല്‍ മീരയും ജോണും വിവാഹ മോചിതരായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മീര മകനെ കുറിച്ച് പറയുന്നത്.
മീര വാസുദേവന്റെ വാക്കുകള്‍:
ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാനും ഏഴ് വയസുള്ള എന്റെ മകനും തമ്മില്‍ സംസാരിക്കുകയായിരുന്നു. അവന് ഏകാന്തത അനുഭവപ്പെടുന്നുണ്ട് എന്നാണ് മകന്‍ പറഞ്ഞത്. വിഷാദം എന്ന വാക്കൊന്നും ഇതുവരെ അവന് അറിയില്ല. മറ്റുള്ളവരുമായി കൂടി കാഴ്ച നടത്താനോ അവരുടെ അടുത്തേക്ക് പോവാനോ സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെടലിലേക്ക് മുതിര്‍ന്നവര്‍ പോവുന്നത് പോലെ അവരും ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ്.
മുമ്പത്തെ പോലെ നമ്മുക്ക് മറ്റൊരാളുടെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ഏകാന്തത അനുഭവപ്പെടുന്നതായി മകന്‍ പറയുന്നത്. അത് ഏകാന്തത അല്ലെന്നും ഒറ്റയ്ക്ക് ആയതാണെന്നും ഞാന്‍ മാറ്റി പറഞ്ഞു. രണ്ട് വികാരങ്ങള്‍ തമ്മിലും ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. അവന്‍ ഒറ്റപ്പെടുന്നതിന്റെ കാരണം ഞാന്‍ മനസിലാക്കിയിരിക്കുകയാണ്.
ശരീരം കൊണ്ട് ദൂരെ ആണെങ്കിലും നമുക്ക് വീഡിയോ കോളിലൂടെയോ മറ്റോ പ്രിയപ്പെട്ടവരുമായി അടുപ്പം കാത്തു സൂക്ഷിക്കാന്‍ സാധിക്കും. എന്റെ മകന്‍ ഏകാന്തനാണെന്ന് പറഞ്ഞത് വളരെ വേദന നല്‍കുന്നൊരു കാര്യമാണ്. കൂട്ടായ്മകളുടെ അഭാവമാണ് ഈ വിഷമത്തിന് കാരണം. ഈ മഹമാരിയുടെ കാലത്ത് ലോകം മുഴുവനുമുള്ള കുട്ടികളും മുതിര്‍ന്നവരുമെല്ലാം നിര്‍ബന്ധിതമായി ഒറ്റയ്ക്ക് ആവുന്നത് അവസ്ഥയെ കുറിച്ചോര്‍ത്ത് ഞാന്‍ നിശ്ചലമായൊരു അവസ്ഥയിലായി.
ഇതിനെ മറി കടക്കാന്‍ രണ്ട് ആശയങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. അത് പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്കും വിഷാദത്തെയും സങ്കടത്തെയും ഒറ്റയടിക്ക് തോല്‍പ്പിക്കാന്‍ സാധിക്കും. മാത്രമല്ല സമാധാനവും സന്തോഷവും തമ്മില്‍ നിങ്ങളുടെ വിഷാദവുമായി പോരാടും. അതിലൂടെ നിങ്ങള്‍ക്ക് വീണ്ടും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലനം ചെയ്യുന്നതിലൂടെ എല്ലാം മികവുറ്റതാക്കി മാറ്റാം.