അന്ന് നായകനെ മാറ്റിയാല്‍ സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞവര്‍ ഇന്ന് 20 കോടി പടവുമായി ഉണ്ണിയുടെ അടുത്ത് എത്തുന്നു: വിഷ്ണു മോഹന്‍

റിലീസ് ചെയ്തപ്പോള്‍ മുതല്‍ ചര്‍ച്ചകളില്‍ ഇടം നേടിയ സിനിമയാണ് ‘മാളികപ്പുറം’. നടന്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതിനിടെ ‘മേപ്പടിയാന്‍’ സിനിമയുടെ സംവിധായകനായ വിഷ്ണു മോഹന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അന്ന് മേപ്പടിയാനായി പല നിര്‍മ്മാതാക്കളെയും സമീപിച്ചിരുന്നു. മേപ്പടിയാന് മൂന്ന് കോടി മുടക്കാന്‍ കഴിയാത്തവര്‍ ഇന്ന് 20 കോടിയുമായാണ് ഉണ്ണിയുടെ അടുത്ത് എത്തുന്നത് എന്നാണ് വിഷ്ണു മോഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

വിഷ്ണു മോഹന്റെ കുറിപ്പ്:

നമസ്‌കാരം

സാധാരണ എന്റെ ചിന്തകളോ അഭിപ്രായങ്ങളോ ഞാന്‍ അങ്ങനെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറില്ല. എന്നാല്‍ ഇന്ന് ഞാന്‍ എഴുതുന്നത് എന്നെ പോലെ മറ്റൊരാള്‍ക്ക് ഈ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല എന്നുള്ളതു കൊണ്ടാണ്. ഞാന്‍ എപ്പോഴും ഉണ്ണിയോട് പറയാറുണ്ട് എന്നെങ്കിലും ഉണ്ണിയുടെ ജീവിതം നമുക്ക് സിനിമയാക്കണമെന്ന്. കാരണം കമേഴ്യല്‍ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഇത്രത്തോളം സ്വന്തം ജീവിതത്തില്‍ ഉള്ള വേറെ ഏതെങ്കിലും നടന്‍ ഇപ്പോഴത്തെ തലമുറയില്‍ ഉണ്ടോ എന്ന് സംശയം ആണ്.

ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയിലേക്ക് ട്രെയിന്‍ കയറി വന്നത് തനിക്ക് ഇവിടെ ഒരു സ്ഥാനം ഉണ്ടാകും എന്ന പ്രതീക്ഷയില്‍ തന്നെ ആണ്. മലയാള സിനിമ ഉണ്ണിക്ക് ഒരു തുടക്കകാരനും കൊടുത്തിട്ടില്ലാത്ത അത്ര ഗംഭീര വരവേല്‍പ് ആണ് നല്‍കിയതും. പക്ഷേ പിന്നീട് നടന്നതൊക്കെ സിനിമക്കഥയെയും വെല്ലുന്ന സംഭവങ്ങള്‍ ആയിരുന്നു. പിന്നീട് കരിയറിന്റെ പ്രധാനപ്പെട്ട 10 വര്‍ഷങ്ങള്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാതെ പോയി.

അതിനു കാരണവും ഒരുപക്ഷേ ഉണ്ണിയുടെ സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ചുള്ള അറിവില്ലായ്മ മറ്റുള്ളവര്‍ മുതലെടുത്തതും ഉണ്ണിയുടെ തികച്ചും സ്‌ട്രേറ്റ് ഫോര്‍വേഡ് ആയ സ്വഭാവം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാതെ പോയതും ആകാം എന്നാണ് എന്റെ വിലയിരുത്തല്‍. ഈ ഒരു കാലയളവില്‍ തന്നെ ഉണ്ണി നായകനായും വില്ലനായും സഹനടനായും സിനിമയില്‍ നിലനില്‍ക്കാന്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തുണ്ടായിരുന്നു. 2018 ല്‍ ആണ് ഞാന്‍ ഉണ്ണിയോട് മേപ്പടിയാന്‍ കഥ പറയുന്നത്. അത് തികച്ചും യാദൃച്ഛികമായിട്ടാണ് ഉണ്ണിയുടെ അടുത്ത് എത്തുന്നതും. ഉണ്ണി ചെയ്യാം എന്ന് ധാരണയായ ശേഷമാണ് ശരിക്കും ഞാന്‍ സമ്മര്‍ദത്തില്‍ ആകുന്നത്.

എന്നോട് അടുപ്പമുള്ള, ഇന്‍ഡസ്ട്രിയില്‍ തന്നെ ഉള്ള പലരും ഈ സ്റ്റോറി ഉണ്ണി ചെയ്താല്‍ ശരിയാകുമോ, മറ്റാരെയെങ്കിലും സമീപിച്ചുകൂടെ എന്ന് പറഞ്ഞിരുന്നു. അന്നൊരു മസില്‍മാന്‍ ഇമേജ് ഉണ്ടായിരുന്ന ഉണ്ണി ആയതുകൊണ്ട് അവരുടെ ആശങ്ക ഏറെക്കുറെ ശരിയും ആയിരുന്നു. എന്നാല്‍ ഈ സിനിമ ചെയ്യാനുള്ള ഉണ്ണിയുടെ താല്‍പര്യവും സപ്പോര്‍ട്ടും എന്തും ചെയ്യാനുള്ള ഡെഡിക്കേഷനും കണ്ടപ്പോള്‍ ഇനി ഇത് ഉണ്ണിയെ വച്ചുതന്നെ ചെയ്യുന്നുള്ളൂ എന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.

മേപ്പടിയാന്‍ അനൗണ്‍സ് ചെയ്ത ശേഷവും പ്രൊഡക്ഷന്‍ സംബന്ധമായി കുറച്ച് മാറ്റങ്ങള്‍ പിന്നീട് സംഭവിച്ചു. അപ്രതീക്ഷിതമായി കൊറോണ വന്നു, ഉണ്ണി പ്രൊഡക്ഷന്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് മറ്റു ചില പ്രൊഡ്യൂസേഴ്‌സിനെയും ഞാന്‍ സമീപിച്ചിരുന്നു. എല്ലാവരുടെയും പ്രശ്‌നം ആക്ഷന്‍ സിനിമ ചെയ്യുന്ന ഉണ്ണി ഇത് എങ്ങനെ ചെയ്യും എന്നുള്ളതും പിന്നെ ഉണ്ണിയുടെ സാറ്റലൈറ്റ് വാല്യൂവും ആയിരുന്നു. പോരാത്തതിന് ഞാന്‍ ഒരു പുതിയ സംവിധായകനും. ഞങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ആരും അന്ന് ഉണ്ടാകാതിരുന്നത് കൊണ്ടാണ് പിന്നീട് മേപ്പടിയാന്‍ ഉണ്ണി പ്രൊഡ്യൂസ് ചെയ്യുന്നതും.

ഉണ്ണി എന്ന നടന്റെ ബിസിനസ് വാല്യൂ, സിനിമകളുടെ ട്രാക്ക് റെക്കോര്‍ഡ്സ് ഇതൊക്കെ സ്വാഭാവികമായും ബിഫോര്‍ റിലീസ് മേപ്പടിയാന്‍ ബിസിനസിനെയും ബാധിച്ചിരുന്നു. ജനുവരി 14ന് പടം റിലീസ് ആയി അഭിപ്രായം വന്ന ശേഷം 15നു ആണ് എല്ലാ ബിസിനസുകളും നടക്കുന്നത്. തുടര്‍ന്ന് വന്ന ‘ഷഫീഖിന്റെ സന്തോഷം’ ബിഫോര്‍ റിലീസ് എല്ലാ ബിസിനസുകളും നടന്നു ടേബിള്‍ പ്രോഫിറ്റ് ആയി. പക്ഷേ ഇന്നിപ്പോള്‍ കഥ മാറി. മാളികപ്പുറം എന്ന ഉണ്ണിയുടെ സിനിമ മലയാളത്തിലെ ഏറ്റവും വലിയ പടങ്ങള്‍ ചെയ്യുന്ന ആന്റോ ചേട്ടന്‍ പ്രൊഡ്യൂസ് ചെയ്യുന്നു. ചിത്രം റിലീസിനു മുന്‍പ് തന്നെ വലിയ തുകയ്ക്ക് ബിസിനസ് ആകുന്നു. ചിത്രം ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നു. റിലീസിന് ശേഷവും വലിയ ബിസിനസ് ഓഫറുകള്‍ സിനിമയ്ക്ക് വരുന്നു.

സോഷ്യല്‍ മീഡിയ മുഴുവന്‍ ഉണ്ണിയെക്കുറിച്ചും സിനിമയെ കുറിച്ചുമുള്ള പോസ്റ്റുകള്‍ കൊണ്ട് നിറയുന്നു. മസില്‍ മാത്രേ ഉള്ളൂ അഭിനയിക്കാന്‍ അറിയില്ല എന്ന് എന്നോടു തന്നെ പറഞ്ഞവര്‍ ഉണ്ണിയുടെ ആക്റ്റിങിനെ കുറിച്ചും സ്‌ക്രീന്‍ പ്രസന്‍സിനെക്കുറിച്ചും വാചാലമായി സംസാരിക്കുന്നു. 3 കോടിയുടെ മേപ്പടിയാന്‍ ചെയ്യാന്‍ ധൈര്യം കാണിക്കാത്തവര്‍ ഇന്ന് 20 കോടിയുടെ പ്രൊജക്റ്റ് ചെയ്യാന്‍ ഉണ്ണിയെ സമീപിക്കുന്നു. ഉണ്ണി അല്ലാതെ മറ്റാരെയെങ്കിലും വച്ച് ഈ സിനിമ ചെയ്യാന്‍ നിനക്കു പ്ലാന്‍ ഉണ്ടെങ്കില്‍ പറ, നമുക്ക് ചെയ്യാം എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ ഉണ്ണിയോട് കഥപറയാന്‍ എന്നെ തന്നെ വിളിക്കുന്നു.

അതെ…ഉണ്ണിയും ഇന്ന് മലയാള സിനിമയിലെ ഒരു ബാങ്കബിള്‍ സ്റ്റാര്‍ ആയി. ഒരു സിനിമ ഹിറ്റ് അടിച്ചാല്‍ ഉണ്ണിയുടെ കരിയര്‍ മാറും എന്ന് ഒരുപാടുപേര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അതെ ഇനി ഉണ്ണിയുടെ സമയം ആണ്. ഉണ്ണിയുടെ സിനിമ ഇറങ്ങുമ്പോള്‍ നെഗറ്റീവ്‌സ് പറയാന്‍ പോലും മിനക്കെടാതിരുന്നവര്‍ ഇന്ന് എല്ലാ വശവും ഇഴകീറി പരിശോധിച്ച് റിവ്യൂ പറയുന്ന തിരക്കില്‍ ആണ്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, മാധ്യമ ശ്രദ്ധ കിട്ടുന്ന മലയാളത്തിലെ യുവതാരം ഉണ്ണി തന്നെ ആണ്. പലരും എഴുതിക്കണ്ടു ഉണ്ണി ഒരു സൂപ്പര്‍സ്റ്റാര്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന്. അതെ, അങ്ങനെ ഒരു പദവി ഉണ്ടെങ്കില്‍ ഉണ്ണി അതില്‍ എത്തിച്ചേരും എന്നതില്‍ എനിക്ക് സംശയം ഇല്ല. കാരണം മലയാള സിനിമയിലെ ഒരു പെര്‍ഫെക്റ്റ് ഹീറോ മെറ്റീരിയല്‍ തന്നെയാണ് ഉണ്ണി മുകുന്ദന്‍.

10 വര്‍ഷത്തിനിടയില്‍ ഒറ്റപ്പെടുത്തല്‍, വിവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, ആക്ഷേപങ്ങള്‍, വ്യവഹാരങ്ങള്‍ എല്ലാം തരണം ചെയ്ത് എഴുതിത്തള്ളിയിടത്തുനിന്ന് സ്വന്തം പരിശ്രമവും കഠിനാധ്വാനവും കൊണ്ട് ഒരാള്‍ തിരിച്ചുവന്ന് എനിക്കും ഇവിടെ ഒരു സ്ഥാനം ഉണ്ട് എന്ന് തെളിയിച്ചാല്‍ സിനിമയില്‍ ഹീറോയുടെ മാസ്സ് എന്‍ട്രി എന്നൊക്കെ പറയുന്ന പോലെ ഇത് തന്നെയാണ് ഉണ്ണി മുകുന്ദന്‍ എന്ന സ്റ്റാറിന്റെ ഗംഭീര തിരിച്ചുവരവ്. ഇതിലും വലിയൊരു തിരിച്ചു വരവ് സ്വപ്നങ്ങളില്‍ മാത്രം. ലോഹിതദാസ് എന്ന അതുല്യ പ്രതിഭ കണ്ടെത്തിയതാണ് ഉണ്ണിയെ. അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയാണ് ….ഉണ്ണിയുടെ വിജയങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും.

ഉണ്ണിയുടെ വലിയ വിജയങ്ങള്‍ അടുത്തുനിന്ന് കാണുമ്പോള്‍ മറ്റാരേക്കാളും സന്തോഷം എനിക്ക് തന്നെയാണ്. കാരണം എനിക്കും അതിന്റെ ഒരു ചെറിയ ഭാഗമാവാന്‍ കഴിഞ്ഞതില്‍. ഉണ്ണി വളരുംതോറും എന്നെ പോലെ ഉണ്ണിയെ സമീപിക്കുന്ന സംവിധായകരുടെ ഉത്തരവാദിത്തവും കൂടുകയാണ് ഉണ്ണിയെ വച്ച് മികച്ച സിനിമ ചെയ്യാന്‍. ഞാനും കാത്തിരിക്കുകയാണ് നമ്മുടെ അടുത്ത പടത്തിനായി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്