‘ജയിലര്‍’ ചിത്രത്തില്‍ രജനിക്കൊപ്പം വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തില്‍ വര്‍മ്മ എന്ന വില്ലന്‍ വേഷത്തിലാണ് വിനായകന്‍ എത്തിയത്. വിനായകനെ ഇനി മലയാളികള്‍ക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തില്‍ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിര്‍ണ മേനോന്‍ പറയുന്നത്.
”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാന്‍ രണ്ടു തെലുങ്ക് സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവര്‍ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ? എന്നൊക്കെയാണ് ചോദിക്കുന്നത്.”
”അത്രയും സ്വീകാര്യത വിനായകന്‍ ചേട്ടന്റെ കഥാപാത്രത്തിന് ഉണ്ടായി. അഭിമുഖങ്ങളില്‍ എല്ലാം ആ കഥാപാത്രത്തെപ്പറ്റി പറയാതെ പോകില്ല. വിനായകന്‍ സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല ചെയ്യുന്നത് പുള്ളിയുടെ കോമഡി കാണണമെങ്കില്‍ ഇവിടെ വന്നു മലയാളം സിനിമ കാണൂ എന്ന് വിളിച്ച് അന്വേഷിക്കുന്നവരോട് ഞാന്‍ പറയും.”
”എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുന്ന ആളാണ് വിനായകന്‍. നെല്‍സണ്‍ സര്‍ സിനിമ എടുക്കുന്നത് ആറു മുതല്‍ അറുപത് വയസു വരെയുള്ള ആളുകള്‍ക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സര്‍, ലാലേട്ടന്‍ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.”
”ഈ സിനിമയില്‍ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷന്‍ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സര്‍. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തില്‍ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ” എന്നാണ് മിര്‍ണ പറയുന്നത്.