അവര്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം എനിക്ക് കാണാന്‍കഴിയുന്നില്ല; ആര്‍ആര്‍ആര്‍ ഗേ ലൗ സ്റ്റോറിയെന്ന വാദത്തിന് എതിരെ കീരവാണി

രാജമൗലിയുടെ സംവിധാനം ചെയ്ത് രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ഗേ ലൗ സ്‌റ്റോറിയാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ സംഗീത സംവിധായകനായ എംഎം കീരവാണി.

‘അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ കുറച്ച് മോശമായിരിക്കാം, പക്ഷേ റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ എല്ലാവരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എനിക്ക് ആര്‍ആര്‍ആറില്‍ രാമിന്റെയും ഭീമിന്റെയും കഥാപാത്രങ്ങളെ (അവര്‍ ഒരു പ്രത്യേക ബന്ധം പങ്കിട്ടതായി പറയുന്ന) കാണാന്‍ കഴിയില്ല.

കാരണം എനുക്ക് ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞത് തട്ടിക്കൊണ്ടുപോയ മകള്‍ മല്ലിക്കായി ഒരു ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന ഒരമ്മയെയാണ്. അത് എന്റെ കാഴ്ചയുടെ കുഴപ്പമാകാം. എന്റെ കാഴ്ച ഉടന്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’ കീരവാണി ട്വീറ്റ് ചെയ്തു.

Read more

ട്വീറ്റ് ചര്‍ച്ചയാകാന്‍ തുടങ്ങിയതോടെ കീരവാണി തന്റെ പോസ്റ്റ് സോഷ്യല്‍മീഡിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബാഹുബലി നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദയും റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിസിച്ചിരുന്നു. ‘അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ, ഒരു സ്വവര്‍ഗ്ഗ പ്രണയകഥ എങ്ങനെയാണ് മോശമാകുന്നത്’ എന്നായിരുന്നു ഷോബു യാര്‍ലഗദ്ദ പ്രതികരിച്ചത്. ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗ്ഗ പ്രണയകഥയാണ് എന്നും സിനിമയില്‍ ആലിയ ഭട്ടിനെ ഒരു വസ്തുവായി മാത്രമാണ് ഉപയോഗിച്ചത് എന്നുമാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.