അവരുടെയെല്ലാം പ്രശ്നങ്ങള്‍ എനിക്ക് മനസ്സിലാവും, അതിലൂടെ ഞാനും കടന്നു പോന്നതാണ്; സംവിധായകന്‍ മോഹന്‍ലാല്‍

ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരു നടന്‍ സംവിധായകനായതുകൊണ്ട് എന്തെങ്കിലും അധിക ഗുണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ‘ ഒരു പ്രധാന ഗുണം ഓരോ അഭിനേതാക്കളേയും അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങളേയും പോലും തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ക്യാമറക്ക് മുന്നില്‍ ആദ്യമായി നില്‍ക്കുന്നവരുണ്ട്. അധികം പരിചയമില്ലാത്തവരുമുണ്ട്. ഓരോരുത്തര്‍ക്കും ഓരോന്നാണ് പ്രശ്നങ്ങള്‍. അവയെല്ലാം എനിക്ക് മനസിലാവും. കാരണം ഇവയിലൂടെയെല്ലാം ഞാനും കടന്നുപോന്നതാണ്. എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവയെ എങ്ങനെ മറികടക്കാമെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്, സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ എന്നീ താരങ്ങളും വേഷമിടും. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.