രണ്ടാം വരവിലും റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുകയാണ് സ്ഫടികം. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം 1.05 കോടി രൂപയാണ് ആദ്യ ദിനം കളക്ഷന്‍ നേടിയത്. ഇതിനിടെ പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞും ഷൂട്ടിംഗ് ദിനങ്ങള്‍ ഓര്‍ത്തെടുത്തും എത്തിയിരിക്കുകയാണ് മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും.
28 വര്‍ഷത്തിന് ശേഷവും സ്ഫടികത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ലൈവ് തുടങ്ങിയത്. കുടുംബ പ്രേക്ഷകരും തീര്‍ച്ചയായും ചിത്രം കാണണമെന്നും ഇരുവരും പറയുന്നു. ഈ സിനിമ റീ റിലീസ് ചെയ്യണമെന്ന് എപ്പോഴാണ് തോന്നിയതെന്ന് ലൈവിനിടെ മോഹന്‍ലാല്‍ ഭദ്രനോട് ചോദിക്കുന്നുണ്ട്.
”അതിന് കാരണം നിങ്ങള്‍ തന്നെ. നിങ്ങളുടെ പിറന്നാളുകളാണ്. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ അനവധി ആളുകള്‍ 30-40 മോട്ടോര്‍സൈക്കിളുകളില്‍ വീട്ടിലേക്ക് വന്ന് വൈറ്റ് സ്‌ക്രീനില്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. ഒരു കല്യാണ ചടങ്ങില്‍ വച്ച് തങ്ങളുടെ കയ്യില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങില്‍ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനര്‍ജിയിലാണ് ഈ തോന്നലുണ്ടായത്” എന്നാണ് ഭദ്രന്‍ പറയുന്നത്.
ചിത്രത്തിലെ സംഘട്ടന രംഗങ്ങളെ കുറിച്ചും ഭദ്രന്‍ പറയുന്നുണ്ട്. ”സംഘട്ടനത്തിന് ശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്ന ഒരു സീനുണ്ട്. അങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാല്‍ ചോദിച്ചു.”
”അന്ന് മറുപടി പറഞ്ഞതിങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമയ്ക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററില്‍.” ചങ്ങനാശ്ശേരി ചന്തയില്‍ വച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
Read more
”ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ചെരിപ്പിടാന്‍ പാടില്ലെന്ന് ഭദ്രന്‍ സര്‍ പറഞ്ഞു. നിറയെ ആണിയുള്ളത് കൊണ്ട് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും പറ്റില്ലെന്നാണ് പറഞ്ഞത്, പിന്നീട് എന്തോ മനസ്സലിവ് തോന്നി സമ്മതിക്കുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നിര്‍മ്മാതാക്കളെയും മണ്‍മറഞ്ഞു പോയ അഭിനേതാക്കളെയും അനുസ്മരിച്ചാണ് ലൈവ് അവസാനിപ്പിച്ചത്.