ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ മോഹന്‍ലാല്‍. ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
”പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്.”
”നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു.
20 പേര്‍ക്കു പരുക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ ‘കസൂരി’ എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്.