മലയാളി പ്രേക്ഷകരെ ത്രില്ലര്‍ സിനിമയുടെ പുതിയൊരു അനുഭവതലത്തിലേക്ക് കൊണ്ടുപോയ ചിത്രമാണ് ‘ദൃശ്യം’. സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിട്ടില്ല. ദൃശ്യം 3 ഉറപ്പായും വരുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
”ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുമ്പെ സംവിധായകന്റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.”
”അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറ് വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു.”
”അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധി പേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകര്‍ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍” എന്നാണ മോഹന്‍ലാല്‍ പറഞ്ഞത്.