ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സിനിമ റീ എഡിറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്.

ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു… സ്‌നേഹപൂര്‍വ്വം