'കാതൽ' എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യവും: മോഹൻലാൽ

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ ദി കോർ’ എന്ന ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ചെന്നും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് ഒരു നടനെ സംബന്ധിച്ച് ചലഞ്ചിങ്ങും അതേസമയം ഭാഗ്യവുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്.

“നമ്മളെ പോലെ മോശമായ കഥാപാത്രം ചെയ്‌ത ആരുമുണ്ടാവില്ല. പണ്ട് കാലങ്ങളിലെല്ലാം ഞാൻ ഒരു വില്ലനായിട്ട് വന്ന ആളാണ്. ഉയരങ്ങളിൽ സദയം തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയല്ലേ. ഞാൻ നാളെ ഇരുന്നിട്ട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രം ചെയ്യാമെന്ന് ചിന്തിക്കുകയല്ലലോ. ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടു.

എനിക്ക് വളരെ ഇഷ്‌ടപ്പെട്ട സിനിമയാണ് കാതൽ. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ്. അങ്ങനെയൊരു സിനിമ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ എനിക്ക് പറയാൻ പറ്റില്ല. അങ്ങനെ ഒരു സിനിമ നമ്മുടെ അടുത്തേക്ക് വരികയാണ്. അങ്ങനെയൊരു സിനിമ ചെയ്യുന്നത് ഒരു ആക്‌ടറിനെ സംബന്ധിച്ച് ഒരു ചലഞ്ച് ആണ്.

അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇവിടെയാണല്ലോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉള്ളത്. പുറത്തൊക്കെ പോയി കഴിഞ്ഞാൽ അതുപോലുള്ള സിനിമകൾ നമുക്ക് ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമകളാണ് ഇതെല്ലാം. സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുമ്പോഴാണ് അത്തരം ആളുകൾ അംഗീകരിക്കാൻ കഴിയുക. വീണ്ടും ഞാൻ പറയുകയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യമാണ്.” ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ കാതലിനെയും മമ്മൂട്ടിയെയും പ്രശംസിച്ചത്.

Read more

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബൻ’ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 25 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാലിബൻ.