വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിനുള്ള പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ഏറ്റുവാങ്ങി സന്തോഷ് ശിവൻ. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.
ഇപ്പോഴിതാ സന്തോഷ് ശിവനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി’ൽ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. സന്തോഷ് ശിവനോടുള്ള ആദരസൂചകമായി ബറോസിന്റെ പ്രത്യേക പോസ്റ്ററാണ് ടീം പുറത്തിറക്കിയിരിക്കുന്നത്.
“കാൻ 2024-ൽ ഈ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്നതിൽ ആവേശഭരിതനാണ് ഞാൻ. ഛായാഗ്രഹണത്തിൽ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നേടിയ ആദ്യത്തെ ഏഷ്യൻ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സന്തോഷ് ശിവന് അഭിനന്ദനങ്ങൾ. ബറോസിനെ ജീവസ്സുറ്റതാക്കിയ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ലോകത്തോട് പങ്കുവെയ്ക്കാൻ ഞങ്ങൾ കാത്തിരിക്കകയാണ്. ഇത് അർഹമായ അംഗീകാരം.” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
2013 മുതൽ അന്താരാഷ്ട്ര തലത്തിൽ സിനിമാറ്റോഗ്രഫിയിൽ പ്രതിഭ തെളിയിക്കുന്ന വ്യക്തികൾക്ക് കാൻ ഫിലിം ഫെസ്റ്റിവൽ നൽകി വരുന്ന പുരസ്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം.
ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, ഡാരിയസ് ഖൊൺജി, എഡ്വേര്‍ഡ് ലാച്ച്മാന്‍, ആഗ്‌നസ് ഗൊദാർദ് തുടങ്ങീ ലോകോത്തര സിനിമാറ്റോഗ്രാഫേഴ്സിനാണ് ഇതിന് മുൻപ് പുരസ്കാരങ്ങൾ നൽകി കാൻ ആദരിച്ചത്.
ഇതുവരെ 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും സന്തോഷ് ശിവൻ സ്വന്തമാക്കിയിട്ടുണ്ട്. നാളെയാണ് പുരസ്കാരം സമർപ്പിക്കുന്നത്.