ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോട്..; കുറിപ്പുമായി മോഹന്‍ലാല്‍

ടിപി മാധവനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവും തന്നോട് കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു ടിപി മാധവന്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച ചിത്രങ്ങളുടെ പേരുകളടക്കം പറഞ്ഞു കൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

മലയാള ചലച്ചിത്ര ലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളില്‍ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടിപി മാധവേട്ടന്‍ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഉയരങ്ങളില്‍, സര്‍വ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിന്‍ഗാമി, അഗ്നിദേവന്‍, നരസിംഹം, അയാള്‍ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകള്‍.

ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട.

അതേസമയം, ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ ഗാന്ധിഭവനില്‍ കഴിഞ്ഞിരുന്ന ടിപി മാധവന് ആകെ ഓര്‍മ്മ ഉണ്ടായിരുന്ന ആള്‍ നടന്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു. ‘എനിക്ക് മോഹന്‍ലാലിനെ കാണണം, ലാല്‍ തന്നെ കാണാന്‍ ഗാന്ധിഭവനില്‍ വരണം’ എന്നായിരുന്നു ടിപി മാധവന്റെ ആഗ്രഹം. ഈ വിഷയത്തില്‍ മുമ്പ് ഇടവേള ബാബു പ്രതികരിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മാധവനെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു എന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

Read more