ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. ഓക്സിജന്‍ ലഭിക്കാത്തതിന് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. നടന്‍ മോഹന്‍ലാലും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അതിക്രമങ്ങള്‍ അപലപനീയമാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
“”കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍. വളരെ ദുഷ്‌ക്കരമായ ലോക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്”” എന്ന് മോഹന്‍ലാല്‍ കുറിച്ചു.
“”ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്”” എന്നെഴുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് മമ്മൂട്ടി രംഗത്തെത്തിയത്. അഹാന കൃഷ്ണ, ടൊവിനോ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത് എന്നിവരെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.