മലയാളത്തിന്റെ പ്രിയ ജോഡി മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു; ഏറ്റവും പുതിയ അപ്ഡേറ്റ്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോ. നാടോടിക്കാറ്റ്, ടി. പി ബാലഗോപാലൻ എം.എ, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തുവെക്കുന്ന ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നിട്ടുള്ളത്.

2015 ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോയിൽ പുറത്തിറങ്ങിയ അവസാന ചിത്രം. അതിനുശേഷം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം വരുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ജീവിത ഗന്ധിയായ ഒരു ചിത്രമായിരിക്കും മോഹൻലാലിനെ നായകനാക്കി ചെയ്യുന്നതെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. നേരിന്റെ വൻ വിജയം സൂചിപ്പിക്കുന്നത് മോഹൻലാലിനെ സാധാരണക്കാരനായി കാണാൻ മലയാളികൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും സത്യൻ അന്തിക്കാട് പറയുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

Read more

“പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ചിത്രത്തിന്റെ വൻ വിജയം സൂചിപ്പിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട്. കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാല്‍ മാത്രമേ ചിത്രം തുടങ്ങാനാവൂ” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞത്.