ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

‘ബറോസി’ന് ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യില്ലെന്ന് മോഹന്‍ലാല്‍. നിലവില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് അവകാശവാദങ്ങള്‍ ഒന്നുമില്ലെങ്കിലും ഇങ്ങനൊരു ത്രീഡി ചിത്രം അടുത്തൊന്നും ഒരു നടനും ചെയ്തിട്ടില്ലെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

”ഇനി മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോയെന്ന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം പറയാം. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു നടനും ഇത്തരമൊരു ത്രീഡി സിനിമ ചെയ്തിട്ടില്ല. എന്നു കരുതി സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അവകാശവാദങ്ങളൊന്നുമില്ല. സന്തോഷ് ശിവന്‍, ആര്‍ട് ഡയറക്ടര്‍ അടക്കം ഒരുപാട് പേരുടെ കഴിവുകളുടെയും പ്രയത്നങ്ങളുടെയും സമന്വയമാണ് ഈ ചിത്രം” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

”ബറോസ് വളരെ സങ്കീര്‍ണമായ സാങ്കേതികത്വം ഉള്‍ക്കൊളളുന്ന ത്രീഡി സിനിമയാണ്. ഇതിന്റെ നിര്‍മ്മിതിയിലും പ്രപഞ്ച ശക്തികള്‍ എനിക്കൊപ്പം നില്‍ക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന. എങ്ങനെ ഈ സിനിമ അവതരിപ്പിക്കണം? ഇതിന്റെ ഫൈനല്‍ പ്രൊഡക്ട് എങ്ങനെ വരും എന്നെല്ലാമുളള ആശങ്കകളുണ്ടായിരുന്നു. പക്ഷെ അതാത് സമയങ്ങളില്‍ അതിന് അനുസരിച്ചുളള ആശയങ്ങള്‍ മനസിലേക്ക് വന്നു.”

”ഒന്നാമത് ഈ സിനിമയെ മറ്റൊരു സിനിമയുമായും താരതമ്യപ്പെടുത്താനാവില്ല. ആ വിധത്തില്‍ മൗലികമായ ഒന്നിനു വേണ്ടിയാണ് ശ്രമിച്ചത്. ബോധപൂര്‍വം മറ്റൊരു സിനിമയിലെയും ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. രണ്ടാമത് ബറോസിന്റെ കഥയും ഭൂമിശാസ്ത്രവും ഛായാഗ്രഹണ രീതിയുമെല്ലാം ഇതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്യപ്പെട്ട ഒന്നാണ്. അതിനെ മറ്റൊരിടത്തു നിന്നും പകര്‍ത്തുക സാധ്യമല്ല” എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അതേസമയം, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.