ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലുമാണ്, എന്നാല്‍ 'റമ്പാന്റെ' ആയുധം ഇതൊന്നുമല്ല: മോഹന്‍ലാല്‍

മോഹന്‍ലാല്‍-ജോഷി കോമ്പോയില്‍ ‘റമ്പാന്‍’ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചെമ്പന്‍ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോള്‍, അത് എറ്റവും വലിയ സിനിമ ആകണമെന്ന് പ്രാര്‍ത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കള്‍ക്കും. ഒരുപാട് നല്ല സിനിമകള്‍ എനിക്ക് അദ്ദേഹവുമായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.”

”ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാന്‍. ഇന്ത്യയില്‍ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാഗം യുഎസില്‍ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷന്‍ ആണിത്. വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ്.”

”ഇതൊരു മലയാള സിനിമ മാത്രമല്ല, പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിത്” എന്നാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. ടൈറ്റില്‍ പോസ്റ്ററിലെ ലുക്കിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.

കൈയ്യിലൊരു ചുറ്റികയും തോക്കുമായാണ് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ് തമാശ രൂപേണ മോഹന്‍ലാല്‍ പറഞ്ഞത്. തരികിടയിലേക്ക് പോകാന്‍ സാധ്യതയുള്ള കഥാപാത്രമാണ് റമ്പാന്‍ എന്നും മോഹന്‍ലാല്‍ പറയുന്നു.

Read more

അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിന്‍ ആണെന്ന് തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദ് പറയുന്നുണ്ട്. അടുത്ത വര്‍ഷം ആകും റമ്പാന്റെ ഷൂട്ടിംഗ് തുടങ്ങുക. മാസ് എന്റര്‍ടെയ്നറായ സിനിമയില്‍ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ ആകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.