ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും; ദേവദൂതൻ റീ റിലീസിനെ കുറിച്ച് മോഹൻലാൽ

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

സിബി മലയിൽ തന്റെ ആദ്യ ചിത്രമായി ചെയ്യാൻ തീരുമാനിക്കുകയും പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്ത് ദേവദൂതന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്.

ആദ്യവാരം കുറഞ്ഞ സ്ക്രീനുകളിൽ മാത്രം റീ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിൽ നൂറോളം തീയേറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വലിയ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.

“നീണ്ട 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങൾ നൽകിയ വരവേൽപ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ.” എന്നാണ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞത്.

4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.
കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.